പുന്നപ്ര‑വയലാർ സമരചരിത്രം രേഖപ്പെടുത്താൻ സിപിഐ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സിപിഐ

പുന്നപ്ര‑വയലാർ സമരചരിത്രം രേഖപ്പെടുത്താൻ സിപിഐ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: സിപിഐ

ആലപ്പുഴ: പുന്നപ്ര‑വയലാർ സമരചരിത്രം രേഖപ്പെടുത്താൻ സിപിഐ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എസ് സോളമൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരു പാർട്ടികളുടെയും നേതൃത്വത്തെ അറിയിച്ചാണ് ഡോ. ടി എം തോമസ് ഐസക് ചരിത്രരചന നടത്തിയതെന്ന വാദം തെറ്റാണ്. അടിസ്ഥാനമില്ലാത്ത വിമർശനമാണ് സിപിഐ ഉന്നയിക്കുന്നതെന്ന സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസറിന്റെ വാദവും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര‑വയലാർ സമരം നടത്തിയ പ്രസ്ഥാനം സിപിഐയും അതിന്റെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനുമാണ്. സമരചരിത്രം രേഖപ്പെടുത്താൻ മറ്റൊരു പാർട്ടിക്കാരെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഐക്കില്ല. പുന്നപ്ര‑വയലാർ 80-ാം വാർഷികത്തോട് അനുബന്ധിച്ച് സിപിഐ(എം) പ്രസാധകരായ ‘ചിന്ത’ പുറത്തിറക്കിയ സപ്ലിമെന്റിൽ സമരനായകർ എന്ന തലക്കെട്ടിൽ നൽകിയ പട്ടികയിൽ സമരത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കളെ പൂർണമായും അവഗണിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ടി വി തോമസ്, സി കെ കുമാരപ്പണിക്കർ, കെ സി ജോർജ്, സൈമൺ ആശാൻ, പി ടി പുന്നൂസ്, പി എ സോളമൻ, സി ജി സദാശിവൻ, എം ടി ചന്ദ്രസേനൻ തുടങ്ങിയ ചരിത്രനായകന്മാരെ തമസ്കരിച്ച്, സമരത്തിൽ വലിയ പ്രാധാന്യമില്ലാത്തവരെ മുന്നിലേക്ക് കൊണ്ടുവരാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. ആൽഫബെറ്റിക് ഓർഡർ എന്ന ന്യായീകരണം പറഞ്ഞ് സമരനായകരുടെ പ്രാധാന്യം കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ല. സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും തുല്യപ്രാധാന്യമാണെന്ന സിപിഐ(എം) വാദം തെറ്റാണ്. സിപിഐയെ സംബന്ധിച്ചിടത്തോളം രക്തസാക്ഷികൾക്കാണ് ഒന്നാമത് പ്രാധാന്യം. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും തൊഴിലാളിയൂണിയനുകളുടേയും നിർദേശപ്രകാരം സമരം നയിച്ച നേതാക്കൾക്കാണ് മുൻഗണന. അമരാവതി സമരത്തിന്റെ വാർഷിക പതിപ്പിൽ എകെജിയുടെ പേര് ഇരുപതാമതായി നൽകിയാൽ അത് അദ്ദേഹത്തോടുള്ള അവഗണനയല്ലേ എന്നും സോളമൻ ചോദിച്ചു. പാർലമെന്റിൽ സവർക്കറുടെ പടം വെച്ച് മഹാത്മാഗാന്ധിയുടെ പ്രാധാന്യം കുറയ്ക്കാൻ ശ്രമിക്കുന്നതിന് സമാനമായ അജണ്ടയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ടി വി തോമസിന് സമരത്തിൽ പങ്കുള്ളതായി രേഖയുണ്ടോ എന്ന് സോഷ്യൽ മീഡിയയിലൂടെ ചോദ്യമുയർത്തുന്നവർ, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിൽ നിന്ന് പുന്നപ്ര‑വയലാർ സമര പഠനത്തിനെന്ന പേരിൽ ചരിത്രരേഖകൾ അടങ്ങിയ പുസ്തകങ്ങൾ വാങ്ങികൊണ്ട് പോയത് ഒന്നുകൂടി വായിച്ചാൽ ചരിത്രം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. സി കെ കുമാരപ്പണിക്കരുടെ വീട് തകർത്തത് സർ സി പിയുടെ പട്ടാളക്കാരാണ്. അത് കാറ്റിലും മഴയിലും വീണതാണെന്ന് പുതിയ ചരിത്രം രചിച്ചാൽ പ്രതികരിക്കാതിരിക്കാനാവില്ല. പുന്നപ്ര‑വയലാർ സിപിഐയുടെ ചരിത്രപരമായ സമരമാണെന്നും ചരിത്രസത്യങ്ങളെ നിഷേധിക്കാൻ ശ്രമിച്ചാൽ അത് ചോദ്യം ചെയ്യാൻ പാര്‍ട്ടിക്ക് പൂർണ അവകാശമുണ്ടെന്നും എസ് സോളമൻ കൂട്ടിച്ചേർത്തു.