തിരുവനന്തപുരത്തുകാരി നിത്യ രാമൻ ലോസാഞ്ചലസ് മേയര്‍
വാഷിങ്ടൻ∙ലോസാഞ്ചലസ് മേയര്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി നിത്യ രാമൻ (45) വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കാരൻ ബാസിനെയാണ് തോൽപിച്ചത്. അവസാന ഫലങ്ങൾ അനുസരിച്ച് നിത്യയ്ക്ക് 405,193 വോട്ടുകൾ ലഭിച്ചു. കാരൻ ബാസിന് 379,069 വോട്ടും. ലോസാഞ്ചലസിന്റെ മേയറായ കാരൻ ബാസിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് നിത്യ ജയിച്ചത്.
ആറു വർഷത്തോളമായി ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമാണ് നിത്യ. സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയുമാണ്. ഭവനരഹിതർക്കു സേവനങ്ങൾ എത്തിക്കുന്നതിനും, വീടുകൾ നിർമിച്ചു നൽകുന്നതിലും നിത്യ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. യുഎസിലെ രണ്ടാമത്തെ വലിയ നഗരമാണ് ലൊസാഞ്ചലസ്.
1981 ജൂലൈ 28ന് കേരളത്തിലാണ് നിത്യ രാമന്റെ ജനനം. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലാണ് നിത്യയുടെ കുടുംബം പതിറ്റാണ്ടുകൾക്കു മുൻപ് കഴിഞ്ഞിരുന്നത്. പോസ്റ്റ്മാസ്റ്ററായിരുന്ന കെ.രാമയ്യരുടെ ചെറുമകളാണ് നിത്യ. കെൽട്രോണിലെ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു കുടുംബം യുഎസിലേക്കു കുടിയേറിയത്. നിത്യയുടെ അച്ഛന്റെ സഹോദരി വനജയും ഭർത്താവ് ശങ്കരനാരായണ അയ്യരും തിരുവനന്തപുരത്തെ കുമാരപുരത്തുണ്ട്. നിത്യ തിരുവനന്തപുരത്ത് എത്തുമ്പോൾ ഈ വീട്ടിലാണ് താമസിക്കാറുള്ളത്. 5 വർഷം മുൻപായിരുന്നു അവസാന സന്ദർശനം. ഭർത്താവ് വാലി ചന്ദ്രശേഖറും മക്കളായ കർണയും കാവേരിയും ഒപ്പമുണ്ടായിരുന്നു.