ചാടുമെന്ന് 18-കാരൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും കൊക്കയിലേക്ക്; പിന്നാലെ ചാടി അമ്മയും
മുംബൈ: മലമുകളിൽനിന്ന് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കാൻ പിതാവ് ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് രണ്ടുപേരും മരിച്ചു. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയായിരുന്നു ആരെയും ഞെട്ടിക്കുന്ന സംഭവം.
രാവിലെ പത്തുമണിയോടെ ദേവ്‌ലായി സ്വദേശിയായ പതിനെട്ടുകാരനാണ് മലമുകളിലെത്തി, കൊക്കയിലേക്ക് ചാടി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും മറ്റുള്ളവരും സ്ഥലത്തെത്തുകയും കുട്ടിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പലവിധത്തിൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ചെവിക്കൊണ്ടില്ല. നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി.
തുടർന്ന് പിതാവ് മലമുകളിൽ കുട്ടി നിൽക്കുന്നിടത്തേക്ക് കയറിച്ചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, രക്ഷിക്കാൻ ശ്രമിച്ചാൽ താഴേക്ക് ചാടുമെന്നായി കുട്ടി. ഇതിനിടെ മകനെ പിടിച്ച് പിന്നിലേക്ക് നീക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ ഇരുവരും മലമുകളിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ടുനിൽക്കുകയായിരുന്ന അമ്മ അടുത്ത നിമിഷം കൊക്കയിലേക്ക് എടുത്തുചാടി.


