‘നാടകത്തിൻറെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നു, ഭരണകൂട ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കും’: ചിന്നൂസ് ചിലങ്ക

‘നാടകത്തിൻറെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നു, ഭരണകൂട ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കും’: ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചിന്നൂസ് പറഞ്ഞു.

ഞങ്ങളുടെ നാടകത്തിൻറെ ഒരു ഭാഗം മാത്രമാണ് മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നത്. മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെ കുറിച്ചാണ്. 1975ലെ അടിയന്തരാവസ്ഥയിൽ നിന്ന് തുടങ്ങി ഇന്നത്തെ ബിജെപി സർക്കാരിൻറെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങൾ ആണ് മിസ സംസാരിക്കുന്നത്. 1975 തുറങ്കിലടക്കപ്പെട്ട നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ആർക്കും അറിയാത്ത ചരിത്രങ്ങളെ കണ്ടുപിടിച്ച് പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫ്ലോട്ടിംഗ് തീയറ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. മിസ എന്ന നാടകം ആരെയാണോ ബാധിക്കുക അവർക്ക് നന്നായി മുറിവേറ്റിയിട്ടുണ്ട്. പ്രചരിപ്പിക്കുന്ന അപവാദങ്ങളിൽ നിന്നും താൻ മനസ്സിലാക്കുന്നത് അതാണെന്നും ചിന്നൂസ് പറഞ്ഞു.

ഭരണകൂട ഭീകരത നേരിട്ട ഓരോരുത്തരേയും അവതരിപ്പിച്ചു കൊണ്ട് താൻ ഇനിയും നാടകം ചെയ്യുമെന്നും ജനങ്ങളുടെ മുന്നിൽ എത്തിക്കുമെന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു. ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കുമെന്നും ചിന്നൂസ് പ്രതികരിച്ചു.

 'മിസ' നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.നാടകത്തിലെ കലാപരമായ രംഗങ്ങൾ മറ്റു ഗാനങ്ങൾ ചേർത്തുവെച്ച് വക്രീകരിച്ചും മനോവൈകൃതത്തിനനുസരിച്ച് എഡിറ്റ് ചെയ്തുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇത്തരത്തിലുള്ള വ്യാജവും വികൃതവുമായ പ്രചാരണങ്ങൾക്ക് പിന്നിൽ. ചരിത്രവിരുദ്ധതയുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ലീഗും പരസ്പരം ഐക്യപ്പെട്ടിരിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.നാളെ വൈകീട്ടാണ് പ്രദർശനം.