സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; പോലീസ് സ്റ്റേഷനു മുന്നിൽ സമരവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ് പരുക്കേറ്റ വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെയായിരുന്നു സംഭവം.
പരാതി നൽകുന്നതിനായി ഇരുവരും ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്ന്, പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് എത്തുകയായിരുന്നു.
"രാഹുൽ ഗാന്ധി ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് പോയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് അദ്ദേഹം ഡിസിപിയെ കാണാൻ പോയി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ അദ്ദേഹം അവിടെ തുടരും," മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ പോലീസ് ഓഫീസിൽ തുടരുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും. പോലീസ് സ്റ്റേഷനു മുന്നിൽ രാഹുൽ സമരം ഇരിക്കുകയാണ്.


