കശ്മീരിൽ വീണ്ടും പാക് ഭീകര സാന്നിധ്യം; വനമേഖലയിൽ രണ്ട് പൊലീസുകാരെ കാണാതായി

കശ്മീരിൽ വീണ്ടും പാക് ഭീകര സാന്നിധ്യം; വനമേഖലയിൽ രണ്ട് പൊലീസുകാരെ കാണാതായി

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (എസ്പിഒ) ആയുധങ്ങളുമായി കാണാതായി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാർവ, ദച്ചൻ അതിർത്തി മേഖലയ്ക്കിടയിൽ വെച്ചാണ് പൊലീസ് ഓഫീസർമാരെ കാണാതായിരിക്കുന്നത്. 

ബസ്‌നാൻ മേഖലയിലെ 17 രാഷ്ട്രീയ റൈഫിൾസിന്റെ (17 ആർആർ) താൽക്കാലിക ഓപ്പറേഷണൽ ബേസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങൾക്ക് പകരമായി ചുമതലയേൽക്കാനാണ് രണ്ട് എസ്‌പിഒമാരും കിയാർ ദച്ചനിൽ നിന്ന് പുറപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സുരക്ഷാ നിരീക്ഷണത്തിനായി ഇവരെ 17 രാഷ്ട്രീയ റൈഫിൾസിനൊപ്പം ഡെർനയിലെ ഒരു പോസ്റ്റിൽ വിന്യസിച്ചിരുന്നു.

ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാൻ മേഖലയിൽ സുരക്ഷാ ചെക്ക്‌പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർത്ത് മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിന് മണിക്കൂറുകൾക്കകമാണ് പുതിയ സംഭവം. ജൂലൈയ്ക്ക് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണവും സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണവുമാണിത്.

മാർവ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം. എസ്‌പിഒമാർ സഞ്ചരിക്കുന്നതിനിടെ ഡെഹർന വനമേഖലയിൽ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ ഫോൺ കണക്റ്റിവിറ്റിയില്ലാത്ത 'ഷാഡോ സോൺ' ആണ് കിയാർ. ഇതിന് ശേഷം ഇരുവരുമായും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവസമയത്ത് പ്രദേശത്തെ മൊബൈൽ നെറ്റ്‌വർക്കിലും തടസമുണ്ടായിരുന്നുവെന്നാണ് വിവരം. കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി വൈകുന്നേരത്തോടെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) സംഘം പ്രദേശത്തേക്ക് തിരിച്ചു. കാണാതായ രണ്ട് എസ്‌പിഒമാരെ കണ്ടെത്തുന്നതിനായി കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വ്യാപക തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

പാകിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളാണ് ഈ പ്രദേശത്തെ കൂടുതൽ ആശങ്കാജനകമാക്കുന്നത്. ഈ വർഷം ആദ്യം മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ ആദിൽ ഉൾപ്പെടെയുള്ള ചില പാകിസ്ഥാൻ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

ചെനാബ് താഴ്‌വര മേഖലയിൽ ഏറ്റവും കൂടുതൽ കാലമായി പിടിയിലാകാതെ തുടരുന്ന ഭീകരനെന്ന് കരുതപ്പെടുന്ന ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ജഹാംഗീർ സരൂരിയും വർഷങ്ങളായി ഈ മേഖലയിൽ ഒളിവിൽ കഴിയുന്നതായാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം.