മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; മെറ്റയോട് ഉള്ളടക്കം നീക്കാന്‍ ആവശ്യപെട്ടത് സര്‍ക്കാർ തന്നെ

മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; മെറ്റയോട് ഉള്ളടക്കം നീക്കാന്‍ ആവശ്യപെട്ടത് സര്‍ക്കാർ തന്നെ

കൊച്ചി: സമൂഹ മാധ്യമങ്ങളിലെ വാര്‍ത്താ ഉള്ളടക്കം നീക്കാന്‍ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. ഉള്ളടക്കം നീക്കാന്‍ ഇടപെട്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്നാണ് വ്യക്തമാകുന്നത്. വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മെറ്റ പ്ലാറ്റ്ഫോമിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സാമൂഹമാധ്യമ അക്കൗണ്ടായ നോ ക്യാപിന്റെ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. 

വിദ്വേഷമുണ്ടാക്കുന്ന ചില കമന്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഫേസ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 28നായിരുന്നു നോ ക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയില്‍ നിയന്ത്രണം വന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പേജ് പുനഃസ്ഥാപിച്ചത്. നോ ക്യാപ് ചീഫ് എഡിറ്റര്‍ ഹൈദര്‍ അലിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പേജിലെ ഉള്ളടക്കത്തിന് താഴെ വന്ന ചില കമന്റുകള്‍ നീക്കം ചെയ്ത ശേഷം വീണ്ടും പ്രവര്‍ത്തിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.