ആകാശച്ചുഴിയല്ല, 145 പേരുമായി പറന്ന എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് വീണതിൽ ട്വിസ്റ്റ്, പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. എയർ ഇന്ത്യയുടെ ഫൂക്കറ്റ് - ഡൽഹി വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയിൽ അകപ്പെട്ടതല്ലെന്ന റിപ്പോർട്ടുകൾ ശരിവച്ച് പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ (ഡോപ്പ്) കണ്ടെത്തി. പരിശോധന ഫലം എയർ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പരിശോധനകൾ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
എയർ ഇന്ത്യയുടെ ഫൂക്കറ്റ് - ഡൽഹി വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 145 പേരുമായി പറന്ന എയർബസ് എ320 വിമാനം ഒഡീഷയ്ക്ക് സമീപം ആകാശച്ചുഴിയിൽ അകപ്പെട്ടതായും തുടർന്ന് 300 അടി താഴ്ചയിലേക്ക് താഴുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. വിമാനം താഴ്ചയിലേക്ക് എത്തിയതോടെയുണ്ടായ അപകടത്തിൽ 13 യാത്രക്കാരെയും നാല് ക്രൂ അംഗങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ നടത്തിയ നിർണായക അന്വേഷണത്തിലാണ് പൈലറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. സിവിൽ ഏവിയേഷന്‍ ചട്ടപ്രകാരം ക്രൂ അംഗങ്ങളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അങ്ങനെയാണ് പൈലറ്റിനെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയത്. അന്വേഷണ വിധേയമായി പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്നും കമ്പനി അറിയിച്ചു.
പരിശോധനയുടെ ഭാഗമായി വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടോ സാഹചര്യം കൈകാര്യം ചെയ്ത രീതി ശരിയായിരുന്നോ, കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണത്താലോ സംഭവിച്ചതാണോ, ആഘാതം കാരണം വിമാനത്തിന് ഹൈഡ്രോളിക് തകരാർ സംഭവിച്ചോ, സംഭവത്തിന് ശേഷം വിമാനം ഡൽഹിയിലേക്ക് പറക്കണമായിരുന്നോ, വാരണാസി അല്ലെങ്കിൽ ലഖ്‌നൗ പോലുള്ള അടുത്തുള്ള ഏതെങ്കിലും വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടതായിരുന്നോ എന്നതടക്കമുള്ള എല്ലാവിധ പരിശോധനകളും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.


