സൗരവ് ദാസിന് പിന്നാലെ അഭിജീത് ദിപ്കെയ്ക്കും അശുതോഷ് രങ്കയ്ക്കും ലുക്കൗട്ട് നോട്ടീസ് അയച്ച് മുംബൈ പൊലീസ്
മുംബൈ: ഗാന്ധിജയന്തി ദിനത്തിൽ ദാദറിലെ ശിവാജി പാർക്കിൽ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ അഭിജീത് ദിപ്കെയ്ക്കും അശുതോഷ് രങ്കയ്ക്കുമെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. സഹ-കൺവീനറായ സൗരവ് ദാസിന് പുറമെയാണ് ഇരുവർക്കുമെതിരെ നടപടിയുണ്ടായിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച അറിയിച്ചു.
യുകെയിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടി സൗരവ് ദാസ് നൽകിയ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ നൽകിയ മറുപടിയിലൂടെയാണ് ദാസിനെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് വിവരം നേരത്തെ പുറത്തുവന്നത്. നവംബർ 23 ന് ഡൽഹി വിമാനത്താവളത്തിൽ വെച്ച് ദാസിനെ തടഞ്ഞിരുന്നു. ഏത് കേസിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല.
"പ്രതികൾ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്നാണ് ഇവർക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്," പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒക്ടോബർ 2 ന് നടന്ന പ്രതിഷേധത്തിൽ 3 നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം പ്രകാരം, സംഭവം നടന്ന് ഏഴാഴ്ചയിലേറെ കഴിഞ്ഞ് നവംബർ 22-23 രാത്രിയിലാണ് സൗരവ് ദാസിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്.
അഭിജീത് ദിപ്കെ, പ്രണവ് അഹിരെ, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ, സൗരവ് ദാസ്, അഫ്രീൻ നവാസ്, സൗമ്യ കോർഡെ, അങ്കിത് ഭരദ്വാജ്, വിജയ് മലാംഗി, യോഗേഷ് ഇംഗ്ലെ എന്നീ നേതാക്കൾക്കും 400-ലധികം പ്രവർത്തകർക്കുമെതിരെയാണ് ദാദറിൽ അനധികൃതമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് കേസെടുത്തിരിക്കുന്നത്.