വനിതാ സംവരണം: ഭരണ- പ്രതിപക്ഷങ്ങളുടെ നിർണായക യോഗങ്ങൾ ഇന്നു ചേരും

വനിതാ സംവരണം: ഭരണ- പ്രതിപക്ഷങ്ങളുടെ നിർണായക യോഗങ്ങൾ ഇന്നു ചേരും

ന്യുഡൽഹി പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും. ഉച്ചയ്ക്ക് ഒരുമണിക്കാണ് യോഗം. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. വനിത സംവരണം നടപ്പാക്കുമെന്നും കോൺഗ്രസിന് തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ബിജെപി ദില്ലി ഘടകം സംഘടിപ്പിച്ച സംവിധാൻ ഗൗരവ് ദിവസിൽ ആയിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. അതിനിടെ, പാർലമെന്റ് സമ്മേളന തന്ത്രം ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ഇന്ന് വൈകിട്ട് 4:30ന് ചേരും.

ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുകയാണ് വനിതാ സംവരണ ബില്ലിന്റെ ലക്ഷ്യം. നിലവിൽ 543 അംഗങ്ങളുള്ള ലോക്‌സഭയുടെ അംഗബലം 850 വരെ ഉയർത്തുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന വരുത്തുന്നതിനുമുള്ള നിർദേശങ്ങൾ പരിഗണനയിലുണ്ട്.