സ്ത്രീകൾക്ക് 40,000 രൂപ, 300 യൂണിറ്റ് വൈദ്യുതി; യു.പിയിൽ വമ്പൻ വാഗ്ദാനങ്ങളുമായി സമാജ്വാദി പാർട്ടി
ലഖ്നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനങ്ങളുമായി സമാജ്വാദി പാർട്ടി (എസ്.പി). പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കായ പിന്നാക്ക-ദളിത്-ന്യൂനപക്ഷ (പി.ഡി.എ) വിഭാഗങ്ങളെ ഒപ്പം നിർത്തുന്നതിനൊപ്പം സ്ത്രീകളുടെയും യുവവോട്ടർമാരുടെയും പിന്തുണ ഉറപ്പാക്കുകയാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ലക്ഷ്യം.
സ്ത്രീകൾക്ക് പ്രതിവർഷം 40,000 രൂപ ധനസഹായം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ജാതി-മത ഭേദമന്യേ വിശാലമായ ക്ഷേമ വോട്ട് ബാങ്ക് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനങ്ങൾ. ഇതോടൊപ്പം യുവജനങ്ങളെ ആകർഷിക്കുന്നതിനായി സ്വയംതൊഴിലിന് രണ്ട് ലക്ഷം രൂപ, വിദ്യാർത്ഥികൾക്ക് സൗജന്യ മെട്രോ യാത്ര, ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം എന്നിവയും പ്രകടനപത്രികയിലുണ്ട്. സാമൂഹിക നീതിക്കൊപ്പം ജനക്ഷേമ പദ്ധതികളും ചേർത്തുവെച്ച് പിന്നാക്ക വിഭാഗങ്ങളെ കേവലം ജാതി സമവാക്യങ്ങൾക്കപ്പുറമുള്ള ഒരു വലിയ തിരഞ്ഞെടുപ്പ് മുന്നണിയാക്കി മാറ്റാനാണ് അഖിലേഷ് യാദവിന്റെ നീക്കം.
പ്രകടനപത്രിക നേരത്തെ പ്രഖ്യാപിക്കാനുള്ള സമാജ്വാദി പാർട്ടിയുടെ തീരുമാനം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. വ്യാഴാഴ്ച പ്രകടനപത്രിക പുറത്തിറക്കുന്നതിലൂടെ സ്ത്രീകൾക്കുള്ള വാർഷിക ധനസഹായ പദ്ധതിയാണ് പാർട്ടി പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. അതേസമയം, ബി.ജെ.പിയും സ്ത്രീകൾക്കായി പ്രത്യേക ധനസഹായ പദ്ധതിക്ക് രൂപം നൽകുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെയും സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതായിരിക്കും ബി.ജെ.പിയുടെ പദ്ധതി.
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം ആദ്യം സൂചന നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ആദ്യ ഗഡു വിതരണം ചെയ്യാനും, വീണ്ടും അധികാരത്തിലെത്തിയാൽ ബാക്കി തുക നൽകാനുമാണ് ബി.ജെ.പിയുടെ ആലോചന. സമാജ്വാദി വാഗ്ദാനം ചെയ്തതിനേക്കാൾ വലിയ തുകയായിരിക്കും ബി.ജെ.പി പ്രഖ്യാപിക്കുക എന്നാണ് സൂചന. ഇതിന് മുന്നോടിയായി നേരത്തെ പ്രകടനപത്രിക ഇറക്കി മുൻതൂക്കം നേടാനാണ് എസ്.പിയുടെ ശ്രമം.
2022 ലെ പ്രകടനപത്രികയിൽ സമാജ്വാദി പെൻഷൻ എന്ന പേരിൽ പ്രതിവർഷം 18,000 രൂപയും, ബി.പി.എൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രസവാനുകൂല്യമായി 15,000 രൂപയുമാണ് സമാജ്വാദി വാഗ്ദാനം ചെയ്തിരുന്നത്. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, പെൺകുട്ടികൾക്ക് എൽ.കെ.ജി മുതൽ പി.ജി വരെ സൗജന്യ വിദ്യാഭ്യാസം, ഐ.ടി മേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളും 2022ൽ പ്രഖ്യാപിച്ചിരുന്നു.