ഡൽഹിയിൽ സൈബർ തട്ടിപ്പ് ശൃംഖല തകർത്ത് 164 വിദേശികളെ പോലീസ് തടങ്കലിൽനിന്ന് രക്ഷിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വൻ അന്താരാഷ്ട്ര സൈബർ തട്ടിപ്പ്, മനുഷ്യക്കടത്ത് ശൃംഖലയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് തകർത്തു. ക്രൈംബ്രാഞ്ചിന്റെ ഇന്റർ സ്റ്റേറ്റ് സെൽ (ഐ.എസ്.സി.) നടത്തിയ പരിശോധനയിൽ അനധികൃതമായി തടങ്കലിൽ പാർപ്പിച്ച് സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിച്ച 164 വിദേശപൗരന്മാരെ രക്ഷിച്ചു.
ഇവരിൽ 92 പേർ ഇൻഡൊനീഷ്യക്കാരും 17 പേർ മലേഷ്യക്കാരുമാണ്. സംഭവത്തിൽ മലേഷ്യയിലെ നെഗേരി സെംബിലാൻ സ്വദേശി ടാൻ ഗുവാൻ വെയ് (25) അറസ്റ്റിലായി.
മികച്ച ജോലിയും വരുമാനവും വാഗ്ദാനംചെയ്ത് വിദേശപൗരരെ ഇന്ത്യയിലെത്തിക്കും. പിന്നീട് പാസ്പോർട്ടുകൾ പിടിച്ചെടുത്ത്, രഹസ്യകേന്ദ്രങ്ങളിൽ അനധികൃതമായി തടങ്കലിൽ പാർപ്പിച്ച് ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കും. സാമൂഹികമാധ്യമങ്ങളിൽ വ്യാജ വനിതാ പ്രൊഫൈലുകൾ നിർമിച്ച് ഇവർ ഇരകളെ വലയിലാക്കും.
ഓൺലൈൻ സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്തശേഷം, 'സെൻട്രിക്സ്', 'ക്വാണ്ട്വോറോ' തുടങ്ങിയ വ്യാജ ട്രേഡിങ്-നിക്ഷേപ വെബ്സൈറ്റുകളിലൂടെയും എ.പി.കെ.യായി പ്രചരിപ്പിക്കുന്ന ആപ്പുകളിലൂടെയും വൻ ലാഭം വാഗ്ദാനംചെയ്ത് പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കും.
സംഭവത്തിൽ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഡൽഹി ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു.
തട്ടിപ്പുസംഘത്തിന് സൗകര്യങ്ങൾ ഒരുക്കിനൽകിയ ഇന്ത്യൻ ഏജന്റുമാരായ സുനിൽകുമാർ, സുശീൽകുമാർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി. കെട്ടിടങ്ങളുടെ വാടകയും മറ്റ് പ്രവർത്തനച്ചെലവുകളും വഹിക്കുന്നതിനായി ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തി.
അന്താരാഷ്ട്ര ശൃംഖലയിലെ മറ്റ് കണ്ണികളെയും തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഉറവിടവും കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡൽഹി ക്രൈംബ്രാഞ്ച് ജോയിന്റ് പോലീസ് കമ്മിഷണർ സുരേന്ദർ കുമാർ അറിയിച്ചു.
- 355 മൊബൈൽ ഫോണുകൾ (ഉപയോഗിച്ചത് - 335, പൊട്ടിക്കാത്തത് -20)
- 168 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളും 26 ലാപ്ടോപ്പുകളും
- 53 സിം കാർഡുകൾ (31 അന്താരാഷ്ട്ര സിം കാർഡുകളും 22 ഇന്ത്യൻ സിം കാർഡുകളും)
- 174 പാസ്പോർട്ടുകൾ (95 ഇൻഡൊനീഷ്യൻ പാസ്പോർട്ടുകളും 79 മലേഷ്യൻ പാസ്പോർട്ടുകളും)
- സെർവറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു