പരസ്പരം പോര്‍വിളിച്ച് ഇസ്രായേലും ഇറാനും; കിഴക്കനേഷ്യ വീണ്ടും ആശങ്കയില്‍

പരസ്പരം പോര്‍വിളിച്ച് ഇസ്രായേലും ഇറാനും; കിഴക്കനേഷ്യ വീണ്ടും ആശങ്കയില്‍

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യാഴാഴ്ച വൈകുന്നേരം അടിയന്തര സുരക്ഷാ മന്ത്രിസഭാ യോഗം വിളിച്ചുചേർത്തത് നയതന്ത്ര കോന്ത്രങ്ങളില്‍ ആശങ്കയുണര്‍ത്തിയിരിക്കുയാണ്. ഇറാൻ അപ്രതീക്ഷിത ആക്രമണം നടത്തിയേക്കുമെന്ന വ്യാജ ഭീഷണി മുൻനിര്‍ത്തി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നാണ് ഇറാൻ പറയുന്നത്. 

അമേരിക്കൻ പിന്തുണയില്ലാതെ തന്നെ ഇറാനെതിരെ ഒറ്റയ്ക്ക് സൈനിക നടപടി സ്വീകരിക്കാൻ സൈന്യം സജ്ജമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് എഫി ഡെഫ്രിൻ ഇതിനിടെ പറയുകയുണ്ടായി. ‘ഞങ്ങൾ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. അമേരിക്കക്കാരുടെ സഹായമില്ലാതെ തന്നെ ഏത് നിമിഷവും ശക്തമായി തിരിച്ചടിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇസ്രായേലിനെ നശിപ്പിക്കുക എന്ന ഇറാന്റെ ലക്ഷ്യത്തിന് മാറ്റമൊന്നുമില്ല,’ ഡെഫ്രിൻ പറഞ്ഞു.

തങ്ങളുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തിയാൽ മേഖലയിൽ നിന്നുള്ള ഒരു തുള്ളി എണ്ണ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഇറാന്റെ എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ മേഖലയിൽ നിന്ന് ഒരു എണ്ണയും പുറത്തുപോകില്ല. ഹുർമുസ് കടലിടുക്കിലോ പേർഷ്യൻ ഗൾഫിലോ അമേരിക്കയെ സഹായിക്കുന്ന അയൽരാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടിവരും,’ ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഹമീദ്റെസ ഹാജിബാബായി മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ ഇറാൻ തങ്ങളുടെ പ്രതിരോധ നയം തന്നെ മാറ്റുമെന്നും ലോകത്തെവിടെയുമുള്ള ശത്രുക്കളെ ആക്രമിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ഹുർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി നടത്താനുള്ള നീക്കങ്ങളെ ‘നിയമപരമായ ലക്ഷ്യങ്ങളായി’ കാണുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയതായും, ഹുർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾ കടൽമൈനുകളിൽ തട്ടിയതായും റിപ്പോർട്ടുകളുണ്ട് (ഇവ സ്ഥിരീകരിച്ചിട്ടില്ല). സംഘർഷാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു.