എഐടിയുസി ദേശീയ സമ്മേളനത്തിന് സമാപനം; പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ബംഗളൂരു: തൊഴിലാളിവർഗ ഐക്യവും പോരാട്ടവീര്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെ പുതിയ സമരമുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള ആഹ്വാനത്തോടെ എഐടിയുസി ദേശീയ സമ്മേളനത്തിന് സമാപനമായി. കേന്ദ്രസർക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ശക്തിപ്പെടുത്താൻ സമ്മേളനം ആഹ്വാനം ചെയ്തു. തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന നയങ്ങളെ ചെറുക്കുന്നതിനും രാജ്യവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ചർച്ച ചെയ്തു.
പുതിയ തൊഴിൽ മേഖലകളിലേക്ക് സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുകയും അസംഘടിത, ഗിഗ് തൊഴിലാളികൾ ഉൾപ്പെടെ പുതിയ വിഭാഗങ്ങളെ തൊഴിലാളികളെ സംഘടനയുടെ ഭാഗമാക്കുകയും ചെയ്യുന്നതിനുള്ള കർമപദ്ധതികൾക്ക് സമ്മേളനം രൂപം നൽകി. സംഘടനയുടെ സ്വതന്ത്രമായ ശേഷി വർധിപ്പിക്കുന്നതിനും അടിയന്തരമായി നേടിയെടുക്കേണ്ട സുപ്രധാന ആവശ്യങ്ങൾ മുൻനിർത്തി സമരങ്ങൾ വ്യത്യസ്തവും വിപുലവും തീവ്രവുമാക്കുന്നതിനും തീരുമാനിച്ചു. റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചകൾക്ക് ജനറൽ സെക്രട്ടറി അമര്‍ജിത് കൗര്‍ വിശദീകരണവും മറുപടിയും നൽകി.
29 സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നായി 1,256 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം വരും നാളുകളിൽ സംഘടനയെ നയിക്കുവാൻ 364 അംഗ ജനറൽ കൗൺസിലിനsയും 90 അംഗ വർക്കിങ് കമ്മിറ്റിയsയും തെരഞ്ഞെടുത്തു. ആദ്യ ജനറൽ കൗൺസിൽ യോഗം വിദ്യാസാഗർ ഗിരിയുടെ അധ്യക്ഷതയിൽ ചേർന്ന് പുതിയ പ്രസിഡന്റായി കെ സുബ്ബരായന്‍ (എംപി), ജനറല്‍ സെക്രട്ടറിയായി അര്‍ജീത് കൗര്‍ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരില്‍ കേരളത്തില്‍ നിന്ന് ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവരും സെക്രട്ടറിമാരില്‍ ആർ പ്രസാദും ഉള്‍പ്പെടുന്നു.
മറ്റ് വൈസ് പ്രസിഡന്റുമാര്‍: എം കെ യാദവ്, വി എസ് ഗിരി, ഡി ആദിനാരായണൻ, സി എച്ച് വെങ്കടാചലം, എച്ച് ആർ ശേഷാദ്രി, രമൺ ദാസ്, നിർമൽ സിങ്, ഹരീന്ദർ സിങ്, പെഹൽ സിങ് തൻവർ, അശോക് യാദവ്, അശോക് ദാസ്, ലഖൻ ലാൽ മഹാതോ, ചന്ദ്രശേഖർ. സെക്രട്ടറിമാർ: എസ് വി ഡാംലെ, ക്രിസ്റ്റഫർ ഫോൺസെ, മോഹൻ ശർമ, വാഹിദ നിസാം, ആർ രവീന്ദ്രനാഥ്, അമർജിത് ഭായ്, സി ശ്രീകുമാർ, ടിഎം മൂർത്തി, സിജെ ജോസഫ്, രാമകൃഷ്ണ പണ്ട, കുനാൽ റാവത്ത്, വസുധ സാഹ്നി, ബബ്ലി റാവത്ത്, ലീന ചാറ്റർജി, സത്യാനന്ദ് മുകുന്ദ്, മുഹമ്മദ് യൂസഫ്.