ആശയവിനിമയ തകരാർ: റദ്ദാക്കിയത് ആയിരക്കണക്കിന് വിമാനങ്ങൾ; അമേരിക്കയിലെ വിമാന സർവീസുകൾ പുനരാരംഭിച്ചു

ആശയവിനിമയ തകരാർ: റദ്ദാക്കിയത് ആയിരക്കണക്കിന് വിമാനങ്ങൾ; അമേരിക്കയിലെ വിമാന സർവീസുകൾ പുനരാരംഭിച്ചു

വാഷിംഗ്ടൺ: മണിക്കൂറുകളോളം വ്യോമഗതാഗതം സ്തംഭിപ്പിച്ച ആശയവിനിമയ തകരാർ പരിഹരിച്ചതിനെത്തുടർന്ന്, അമേരിക്കയിലുടനീളം വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അനുമതി നൽകി. രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതായും വിമാനങ്ങൾക്ക് ഇനി പുറപ്പെടാമെന്നും എഫ്എഎ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രാദേശിക എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലുണ്ടായ ആശയവിനിമയ തകരാറുകളെത്തുടർന്ന് മണിക്കൂറുകളോളം യുഎസിലെ എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. അസാധാരണമായ സാഹചര്യങ്ങൾ കാരണം നൂറുകണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നതായും എഫ്എഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സാങ്കേതിക വിദഗ്ധർ തകരാർ പരിശോധിക്കുന്ന സമയത്ത് ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് വെള്ളിയാഴ്ച രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള പുറപ്പെടലുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ഏജൻസി അറിയിച്ചു. താൽക്കാലികമായ ടെലികമ്മ്യൂണിക്കേഷൻ തകരാർ സംഭവിച്ചിട്ടുണ്ട്. അതീവ ജാഗ്രതയുടെ ഭാഗമായി എല്ലാ വിമാനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. എല്ലാ വിമാനങ്ങളുടെയും വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്, അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ ഓരോ സാഹചര്യവും പ്രത്യേകം വിലയിരുത്തി തീരുമാനമെടുക്കും," എന്ന് സർവീസുകൾ നിർത്തിവെച്ച സമയത്ത് എഫ്എഎ എക്സിൽ കുറിച്ചിരുന്നു.

2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ച രണ്ടാമത്തെ സംഭവമായിരുന്നു ഇത്. മുൻമ്പ് 2023 ജനുവരിയിൽ രണ്ട് മണിക്കൂറോളം ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.