അവഗണനയില്‍ സഹികെട്ടു; മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്

അവഗണനയില്‍ സഹികെട്ടു; മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്

തിരുവനന്തപുരം: ബോര്‍ഡ് -കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചയില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ് എ ഗ്രൂപ്പ്. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം ചര്‍ച്ച ചെയ്യുന്നതിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ബുധനാഴ്ച എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷമാണ് പ്രതിഷേധം അറിയിച്ചത്.

തിരുവനന്തപുരം തൈയ്ക്കാട് ഗസ്റ്റ് ഹൗസിലായിരുന്നു എ ഗ്രൂപ്പിന്റെ യോഗം. ഭിന്നിച്ച് നില്‍ക്കുന്ന എ ഗ്രൂപ്പിനെ കോണ്‍ഗ്രസില്‍ വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര ഗ്രൂപ്പ് യോഗം ചേര്‍ന്നത്. കെസി ജോസഫ്, എംഎം ഹസന്‍, ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മന്ത്രി പിസി വിഷ്ണുനാഥും പങ്കെടുത്തു.

ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമന ചര്‍ച്ചകള്‍ മൂന്ന് പേരില്‍ മാത്രമായി ഒതുക്കരുത്. കൂട്ടായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും തീരുമാനമെടുക്കുന്ന ചര്‍ച്ചകളില്‍ രമേശ് ചെന്നിത്തലയെ പങ്കെടുപ്പിക്കുന്നതിലും എ ഗ്രൂപ്പിന് നീരസമുണ്ട്. രമേശിനെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചാല്‍ എ ഗ്രൂപ്പ് പ്രതിനിധിയേയും ആ ചര്‍ച്ചകളുടെ ഭാഗമാക്കണം. എംഎം ഹസന്‍, കെസി ജോസഫ്, ബെന്നി ബഹന്നാന്‍ എന്നിവരുമായി നിയമന ചര്‍ച്ചകള്‍ നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ നീക്കം.