രാഷ്ട്രപതിക്കുള്ള മുൻ ഗവർണർ ആർലേക്കറുടെ പിഎസ്സി പിരിച്ചുവിടൽ ശുപാർശയിൽ സർക്കാരിൽ ഭിന്നത
തിരുവനന്തപുരം: പി എസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത,മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ സംസ്ഥാന സർക്കാരിൽ ഭിന്നത. ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നേയുള്ള അർലേക്കറുടെ നടപടിയെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയപ്പോൾ പരസ്യമായി തള്ളി റവന്യു മന്ത്രി എ പി അനിൽ കുമാറും പ്രതികരിച്ചു. സർക്കാരിനെ അറിയിക്കാതെ പി എസ് സി ചെയർമാനെയടക്കം പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി ഭരണഘടനാ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നാണ് അനിൽ കുമാർ അഭിപ്രായപ്പെട്ടത്. ഇക്കാര്യം ഗവർണർ സ്ഥാനത്തിരുന്ന അർലേക്കർ ആദ്യം സർക്കാരിനെ അറിയിക്കേണ്ടിയിരുന്നു എന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി. രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു.
പി എസ് സിയുടെ ഭാഗത്ത് ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും ആരോഗ്യ മന്ത്രി മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പി എസ് സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്. പി എസ് സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു. അഴിമതിയുള്ള സ്ഥാപനമായി പി എസ് സി മാറി. പി എസ് സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.