നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ, ശബ്ദരേഖ പുറത്ത്
കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ കാനഡയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി.
ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഭീകരൻ ഗോൾഡി ബ്രാർ ഏറ്റെടുത്തതായി റിപ്പോർട്ട്. നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന, ബ്രാറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ലിപ്പിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല.
“16-17 വയസ്സുള്ള യുവാക്കളെ മയക്കുമരുന്ന് വിൽക്കാൻ പരിശീലിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തവർ... യുവാക്കളെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് വിൽപ്പനയ്ക്കും വിവരദാതാക്കളാകാനും നിർബന്ധിച്ചവർ... നിജ്ജാർ ഇവരെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ആവശ്യമായപ്പോൾ ഉപയോഗിക്കാനായിരുന്നു ഇത്, ഓരോരുത്തരും അവരുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” ബ്രാർ പറയുന്നതായി ഓഡിയോയിൽ കേൾക്കാം.
ബ്രാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഡിയോ പുറത്തുവന്നിരിക്കുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്രാർ ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ നടപടിയുടെ ഭാഗമായി അന്വേഷണ ഏജൻസികളുടെ റഡാറിലായിരുന്നു.
കാനഡ പൗരനായ ഹർദീപ് സിംഗ് നിജ്ജാർ 2023 ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ കാനഡയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും ഇന്ത്യ തള്ളി. കഴിഞ്ഞ മാസം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനും മുന്നോട്ടുപോകാനുമുള്ള ശ്രമത്തിലാണ്.
ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിൽ 2022 ഡിസംബർ 12ന് ബ്രാറിനെതിരെ ജാമ്യമില്ലാ വാറണ്ടും 2022 ജൂൺ 15ന് ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് യുഎപിഎ നിയമത്തിലെ നാലാം ഷെഡ്യൂൾ പ്രകാരം കേന്ദ്രസർക്കാർ ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചു.


