11 വർഷത്തെ ദാമ്പത്യം അവസാനിച്ചു, ഞാനും അപർണയും വേർപിരിഞ്ഞു; കുറിപ്പുമായി ജീവ

"എവിടെയോ ചില കാര്യങ്ങൾ ശരിയാവാതെ പോയി, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ ഇപ്പോൾ ഉൾക്കൊള്ളുന്നു. അതിനാൽ രണ്ടുപേരും വെവ്വേറെ വഴികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു"

11 വർഷത്തെ ദാമ്പത്യം അവസാനിച്ചു, ഞാനും അപർണയും വേർപിരിഞ്ഞു; കുറിപ്പുമായി ജീവ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. ടെലിവിഷൻ-സോഷ്യൽ മീഡിയ രംഗത്ത് സജീവമായ ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ കുറച്ചുകാലമായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ആ വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് ജീവ തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.

"2015 ഓഗസ്റ്റ് 24 മുതൽ 2026  ഓഗസ്റ്റ് 24 വരെ. എല്ലാ മനോഹരമായ ഓർമകൾക്കും നന്ദി," എന്ന അടിക്കുറിപ്പോടെയാണ് ജീവ കുറിപ്പ് പങ്കുവച്ചത്. 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം: 

പ്രിയമുള്ളവരെ,

ഇത് പങ്കുവെക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഇത് നിങ്ങളോട് പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമകരമായ ഘട്ടങ്ങളിലും, അങ്ങനെ എന്റെ ജീവിതയാത്രയിലെല്ലാത്തിലും നിങ്ങളിൽ പലരും ഒപ്പമുണ്ടായിരുന്നതുകൊണ്ട് തന്നെ, ഈ കാര്യം ഞാൻ നേരിട്ട് നിങ്ങളോട് പറയണമെന്ന് തോന്നി.

ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങളിൽ പലരും ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അതൊരു ‘ഞങ്ങൾ’ ആയിരിക്കില്ല, വെറും ജീവയും അപർണയും മാത്രമായിരിക്കും.

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ചില കാര്യങ്ങൾ ശരിയാവാതെ പോയി, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ ഇപ്പോൾ ഉൾക്കൊള്ളുന്നു. അതിനാൽ രണ്ടുപേരും വെവ്വേറെ വഴികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇതിന് പിന്നിലെ കാരണങ്ങൾ തികച്ചും വ്യക്തിപരമാണ്.