ഡോ. റാമിന്‍റെ അറസ്റ്റിലെ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷന്‍, നടപടി ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന്
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്തതിൽ വീഴ്ചവരുത്തിയ ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഡിവൈഎസ്പിയെ എന്തുകൊണ്ട് സസ്‌പെൻഡ് ചെയ്യുന്നില്ലാ എന്നുൾപ്പെടെ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എ.ബദറുദ്ദീൻ വിമർശിച്ചിരുന്നു. റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് പരിഗണിച്ചപ്പോൾതന്നെ ഡിവൈ.എസ്.പി സർവീസിൽ തുടരുകയാണോയെന്ന് കോടതി ആരാഞ്ഞു. തുടരുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
ഡോ. റാമിനെ അറസ്റ്റുചെയ്ത നടപടിക്രമങ്ങളിൽ സുപ്രീംകോടതി നിർദേശിച്ച ഗ്രൗണ്ട് ഓഫ് അറസ്റ്റിലെ പിഴവുകൾ കാരണം വിട്ടയച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് പോലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത ഡോ. റാം നിലവിൽ റിമാൻഡിലാണ്. ഡിവൈ.എസ്.പി.യെ കോടതി നേരത്തേ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.
ഈ സംഭവം ആഭ്യന്തരവകുപ്പിനും ക്രൈംബ്രാഞ്ചിനും വലിയ തിരിച്ചടിയായതായി വിലയിരുത്തിയതിനെത്തുടർന്ന് അന്വേഷണസംഘത്തെയും മാറ്റിയിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ.


