വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാ വിരുദ്ധം: പിണറായി വിജയൻ

വിഴിഞ്ഞം റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാ വിരുദ്ധം: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡ് കണക്ടിവിറ്റി എൽ ഡി എഫ് സർക്കാർ വൈകിപ്പിച്ചെന്ന പരാമർശത്തിലാണ് പിണറായിയുടെ വിമർശനം. വിഴിഞ്ഞം വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള രാഷ്ട്രീയ അഭ്യാസമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. തുറമുഖത്തിന്റെ 100% പ്രവൃത്തിയും നടന്നത് എൽ ഡി എഫ് കാലത്ത് ആണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രണ്ടര മാസം കൊണ്ട് എന്തോ വലിയ കാര്യം പൂർത്തീകരിച്ചതായി യു ഡി എഫ് അവകാശപ്പെടുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പിണറായിയുടെ കുറിപ്പ് ....

വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചതായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും അപഹാസ്യവുമാണ്. വസ്തുതകളെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിത്. കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നു മാത്രമല്ല, യുഡിഎഫ് സര്‍ക്കാര്‍ വന്ന് കേവലം രണ്ടരമാസം കൊണ്ട് എന്തോ വലിയ കാര്യം പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോ?

2022 ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് ആണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദർശിച്ച് തുറമുഖ നിർമ്മാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞത്ത് യുഡിഎഫ് സ്പോണ്‍സര്‍ ചെയ്ത തുറമുഖ വിരുദ്ധ സമരം പഴയ വിമോചന സമരത്തിന്റെ ആവര്‍ത്തനമാവുമെന്ന് സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ അന്നത്തെ കെ.പി.സി.സി പ്രസി‍ഡന്റും ഉണ്ടായിരുന്നു. വിലകുറഞ്ഞ സമ്മര്‍ദ്ദങ്ങള്‍ക്കു മുമ്പില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന ഉറച്ച നിലപാടെടുത്തത് എൽഡിഎഫ് സർക്കാരാണ്. അന്ന് പദ്ധതി നിർത്തിവെക്കാൻ സമരം ചെയ്തവർ ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിനു വരുന്നത് അങ്ങേയറ്റം അപഹാസ്യകരമാണ്.