വീണ്ടും സർക്കാർ ധൂർത്ത്; 24 ടൊയോട്ട ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ അനുമതി, വകയിരുത്തിയത് 10 കോടി രൂപ

വീണ്ടും സർക്കാർ ധൂർത്ത്; 24 ടൊയോട്ട ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ അനുമതി, വകയിരുത്തിയത് 10 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും യാത്രാ സൗകര്യങ്ങൾക്കായി 10 കോടി രൂപ ചെലവഴിച്ച് 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം. സാമ്പത്തിക ബാധ്യതയുടെ പേരിൽ പല ജനക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കുകയും നിർത്തലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ആഡംബര വാഹനങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ഒഴുക്കുന്നത്. പുതുതായി വാങ്ങുന്ന 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി നൽകും. ബാക്കിയുള്ള രണ്ട് വാഹനങ്ങൾ സംസ്ഥാനത്തെത്തുന്ന വിഐപികളുടെയും വിദേശ അതിഥികളുടെയും പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

ഇന്നോവയുടെ ഏറ്റവും വിലകൂടിയ ഹൈക്രോസ് മോഡലാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷന്റെ പ്രോട്ടോക്കോൾ വിഭാഗം ഉത്തരവിറക്കുകയും വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല വിനോദസഞ്ചാര വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. 2026 മേയിൽ അധികാരമേറ്റപ്പോൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങില്ലെന്നും പഴയ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം. ആഡംബരം ഒഴിവാക്കുമെന്ന നിലപാട് ആറ് മാസം തികയുന്നതിന് മുമ്പേ സർക്കാർ കാറ്റില്‍പ്പറത്തി.

പല മന്ത്രിമാരും ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവർ കാർ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ നിയമതടസമില്ലെന്നായിരുന്നു വിശദീകരണം. പൊതുചെലവ് കുറയ്ക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്ന സർക്കാർ, സാമ്പത്തിക ഞെരുക്കത്തിനിടയിലും മന്ത്രിമാർക്കായി കോടികൾ മുടക്കി പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.