'ഹലോ അമരീന്ദര്‍ അങ്കിള്‍'; ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവിനെ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഏറ്റവും ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട നേതാവ് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗാണെന്നും അദ്ദേഹവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി തുറന്നുപറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിദ്യാര്‍ഥികളുമായും ജെന്‍ സി തലമുറയുമായുള്ള സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത് .

എതിരാളികളായ ബിജെപി നിന്ന് താങ്കള്‍ക്കിഷ്ടപ്പെട്ട ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന്,തീര്‍ച്ചയായും, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്നായിരുന്നു മറുപടി. എനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമുണ്ട്, അദ്ദേഹം വളരെ കൂളാണ്, അതോടൊപ്പം സൈനിക ചരിത്രത്തില്‍ വലിയ അറിവുള്ളയാളുമാണ്. അതിനാല്‍ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഹലോ, അമരീന്ദര്‍ അങ്കിള്‍, എന്ന് ചിരിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന അമരീന്ദര്‍ സിങ് രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 2021ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അദ്ദേഹം പിന്നീട് പാര്‍ട്ടി വിടുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തു. 2022ല്‍ ഈ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു.

രാഷ്ട്രീയത്തിന് പുറമെ മറ്റ് രസകരമായ ചോദ്യങ്ങളും സെഷനില്‍ ഉയര്‍ന്നു. ഒരു നായയുടെ ഉടമയാകുന്നതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ചോദ്യത്തിന്, താനൊരു നായയുടെയും ഉടമയല്ലെന്നും നായകളുമായി ഒരിടം പങ്കിടുകയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. 'നായകള്‍ നമ്മുടെ സ്വന്തമാണെന്ന് ഞാന്‍ കരുതുന്നില്ല, അവര്‍ നമുക്കൊപ്പം ഈ ഭൂമിയിലുള്ളവരാണ്. അവര്‍ നമ്മുടെ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്,' മാതാവ് സോണിയ ഗാന്ധിയുടെ വളര്‍ത്തുനായയായ നൂറയ്‌ക്കൊപ്പം പങ്കിട്ട വിഡിയോയില്‍ രാഹുല്‍ പറഞ്ഞു.

സെഷനിടെ, താങ്കള്‍ ബാറ്റ്മാന്‍ ആണോ എന്ന ചോദ്യത്തിന്, 'ഞാനും ബാറ്റ്മാനും ഒരേ മുറിയില്‍ ഒരുമിച്ച് നില്‍ക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലെന്ന് മാത്രം പറയാം!' എന്ന് തമാശ രൂപേണ രാഹുല്‍ മറുപടി നല്‍കി. ഏത് തത്ത്വചിന്തയാണ് താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്ന ചോദ്യത്തിന് രാഹുല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഭഗവാന്‍ ബുദ്ധന്‍, ഗുരു നാനാക് ദേവ്, ബസവണ്ണ ജി, ശങ്കര്‍ദേവ് ജി, ധര്‍ത്തി അബ്ബ ബിര്‍സ മുണ്ട, പെരിയാര്‍, മഹാത്മാ ഫൂലെ, നാരായണ ഗുരുജി, ബാബാസാഹെബ് അംബേദ്കര്‍, ഗാന്ധിജി എന്നിവരില്‍ തുടങ്ങി നമ്മുടെ ഭരണഘടനയ്ക്ക് രൂപം നല്‍കിയ എല്ലാ തത്ത്വചിന്തകളും അതിലെത്രയോ അധികം മഹത് വ്യക്തികളും'