ഇന്ത്യയടക്കം 5 രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ; റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള ബിൽ അംഗീകരിച്ച് US സെനറ്റ്
" ചൈനയുമായുള്ള മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന സമയത്ത് അവർക്കെതിരെ 100% തീരുവ ചുമത്തുന്നത് സ്വയം പരാജയപ്പെടുത്തുന്ന നടപടിയായി മാറും"."ഇത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുകയും പ്രധാന പങ്കാളികളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യും" എന്നാണ് ബില്ലിനെ എതിർത്ത സെനറ്റർ റാൻഡ് പോൾ പറഞ്ഞത്.
റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. യുക്രെയ്‌നിലെ യുദ്ധത്തിനുള്ള മോസ്കോയുടെ സാമ്പത്തിക സ്രോതസ്സ് തടയുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് നിയമനിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഒ. ഗ്രഹാം അവതരിപ്പിച്ച ഈ ബില്ലിന്, ജൂലൈ 11-ലെ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം 'ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 11നെതിരെ 86 വോട്ടുകൾക്കാണ് ബില്ല് സെനറ്റ് പാസാക്കിയത്.
ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവുമധികം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിലുള്ള താരിഫുകൾക്ക് പുറമെയാണ് ഇന്ത്യൻ കയറ്റുമതിക്ക് മേൽ ഈ പുതിയ ഭീഷണി ഉയർന്നിരിക്കുന്നത്.
റഷ്യൻ എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളായ ചൈന, ഇന്ത്യ, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള അധികാരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഈ ബില്ല് നൽകുന്നു.
ഇറാൻ എണ്ണമേഖലയിൽ നിക്ഷേപം നടത്തുന്ന കമ്പനികളെ ശിക്ഷിക്കുന്ന 1996 ലെ ഇറാൻ ഉപരോധ നിയമത്തിൻ്റെ കാലാവധി 2031 വരെ ഇത് നീട്ടിനൽകുന്നുണ്ട്. കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പ്രമുഖ ഉദ്യോഗസ്ഥർ, ക്രെംലിനുമായി ബന്ധമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും പുതിയ ഉപരോധങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
ഈ താരിഫുകൾ സ്വയമേ നടപ്പിലാക്കില്ല. പ്രസിഡന്റിന് ഇതിനുള്ള വിവേചനാധികാരം നൽകിയിട്ടുണ്ട്. നിയമമായി മാറിയതിനു ശേഷമുള്ള എക്സിക്യൂട്ടീവ് തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും ഇതിന്റെ നടപ്പിലാക്കൽ.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള ഊർജ്ജ വിപണിയിലെ മാറ്റങ്ങൾക്ക് ശേഷം, വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറി. വെസ്റ്റ് ഏഷ്യയിലെ സംഘർഷങ്ങളെത്തുടർന്നുള്ള പ്രതിസന്ധികളും ഇന്ത്യയെ റഷ്യൻ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ പ്രേരിപ്പിച്ചു. നയപരമായ താല്പര്യങ്ങളും ഊർജ്ജ സുരക്ഷയുമാണ് തങ്ങളുടെ ഊർജ്ജ ഇറക്കുമതിയെ നയിക്കുന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്.
ബില്ല് ഇനി പ്രതിനിധി സഭയുടെ പരിഗണനയ്ക്ക് പോകും. ആഗസ്റ്റ് 31-ന് സഭ വീണ്ടും ചേരുമ്പോൾ ഇത് ചർച്ച ചെയ്യും. പ്രസിഡൻ്റിൻ്റെ ഒപ്പിനായി എത്തുന്നതിന് മുൻപ് സഭയുടെ അനുമതി ആവശ്യമാണ്. ചില പ്രത്യേക ഇളവുകൾ നൽകുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ആ അന്തിമ തീരുമാനങ്ങളായിരിക്കും ഇന്ത്യയെ ഇത് എത്രത്തോളം ബാധിക്കുമെന്ന് നിർണ്ണയിക്കുക.
അതെസമയം, "ഇന്ത്യയ്ക്ക് 100% തീരുവ ചുമത്തിയാൽ അമേരിക്ക ഇന്ത്യയെ റഷ്യയുടേയും ചൈനയുടേയും പക്ഷത്തേക്ക് തള്ളിവിടുകയാവും ഫലം ചെയ്യുക"
" ചൈനയുമായുള്ള മത്സരത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന സമയത്ത് അവർക്കെതിരെ 100% തീരുവ ചുമത്തുന്നത് സ്വയം പരാജയപ്പെടുത്തുന്ന നടപടിയായി മാറും"
"ഇത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുകയും പ്രധാന പങ്കാളികളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്യും" എന്നാണ് ബില്ലിനെ എതിർത്ത
സെനറ്റർ റാൻഡ് പോൾ പറഞ്ഞത്.


