'ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കര്‍'; അത് ആർഎസ്എസ് അജണ്ടയെന്ന് എം കെ മുനീർ
തിരുവനന്തപുരം: കാസര്‍കോട് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസിലെ ചോദ്യവും ഉത്തരവും കൂടുതല്‍ വിവാദമാകുന്നു. ടൈബ്രേക്കറായി നല്‍കിയ 'ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി' എന്ന ചോദ്യമാണ് വിവാദമായത്. ഇതിന് ഉത്തരമായി വിഡി സവര്‍ക്കര്‍ എന്ന് നല്‍കിയതാണ് വിവാദമായത്.
വി ഡി സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ടയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു. കാസർകോട് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തോടായിരുന്നു എം കെ മുനീറിൻ്റെ പ്രതികരണം. അങ്ങനെ ഒരു ചോദ്യം വന്നെങ്കിൽ അത് പരിശോധിക്കണമെന്നും ഉത്തരവാദികൾ ആരെന്നും കണ്ടെത്തണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷന്‍ ഭാരവാഹിയെന്നും അദ്ദേഹമാണ് ചോദ്യം തയാറാക്കിയതെന്നുമാണ് പരാതി. ഇത് എഇഒ വഴിയാണ് സ്‌കൂളുകള്‍ക്ക് കൈമാറിയത്. മറ്റ് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ഒഴിവാക്കി സവര്‍ക്കറെ മാത്രം പുകഴ്ത്തുന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണം.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോടും വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകരോടും ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.


