'പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലും'; വിദ്വേഷ പരാമർശത്തിൽ ടി.ജി.മോഹൻദാസിനെതിരെ കേസ്

'പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലും'; വിദ്വേഷ പരാമർശത്തിൽ ടി.ജി.മോഹൻദാസിനെതിരെ കേസ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ കേസ് എടുത്തു. ജന്തർ മന്തറിൽ പ്രതിഷേധിച്ചവർക്ക് എതിരെയായിരുന്നു അവഹേളനം. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്.

കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍, വ്യക്തി അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മോഹൻദാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി. ടി.ടി.ജിസ്മോന്റെ പരാതിയിലാണ് നടപടി. 

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് വിഡിയോയിൽ പറഞ്ഞത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ ഒരു പ്രസ്താവന. 

ഇതിനു പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയും ടി.ജി മോഹൻദാസിൽ നിന്നുണ്ടായി. ‘അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത് എന്നുമായിരുന്നു മോഹൻദാസിന്റെ വാക്കുകൾ. വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് മോഹൻദാസിന്റെ പരാമർശങ്ങളിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

വിദ്യാർത്ഥികൾക്കെതിരെ അശ്ലീലവും മനുഷ്യത്ത രഹിതവും ജനാധിപത്യ വിരുദ്ധവുമായ പരാമർശങ്ങളാണ് ടി.ജി മോഹൻദാസ് നടത്തിയതെന്ന് പരാതിക്കാരിൽ ഒരാളായ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എഐവൈഎഫ്) നേതാവ് ടി. ടി. ജിസ്മോൻ ആരോപിച്ചു. ഇത്തരം പരാമർശങ്ങൾ ഒരു വൈകാരിക പ്രകടനമായി കാണാനാവില്ലെന്നും, മറിച്ച് നവോത്ഥാന മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയും തള്ളിക്കളയുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ യഥാർത്ഥ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. 

സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രകടനമാണ് മോഹൻദാസിന്റെ പ്രസ്താവനയെന്നും വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്യുന്നവരായി ചിത്രീകരിച്ചത് സമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് യുവാക്കളോടുള്ള അപമാനമാണെന്നും എഐവൈഎഫ് നേതാവ് കൂട്ടിച്ചേ‌ർത്തു.

മോഹൻദാസിന്റെ വിവാദ പ്രസ്തവനയ്ക്ക് എതിരെ കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. “മോഹൻദാസിന്റെ ഈ നികൃഷ്ടമായ പ്രസ്താവന ആർ.എസ്.എസിന്റെ അറപ്പുളവാക്കുന്നതും അക്രമസക്തവും സ്ത്രീവിരുദ്ധവുമായ മനോഭാവത്തിന്റെ തെളിവാണ്. ഇത്തരക്കാർക്ക് ആർ.എസ്.എസ് എപ്പോഴും സംരക്ഷണം നൽകിയിട്ടുണ്ട്. രാജ്യത്തെ വെറുപ്പിന്റെയും അക്രമത്തിന്റെയും തീയിലേക്ക് തള്ളിയിടുക എന്നത് ആർ.എസ്.എസിന്റെ ചരിത്രമാണ്. അത് ഈ രാജ്യം ഒരിക്കലും സഹിക്കില്ല. ഇത്തരം വിദ്വേഷം പരത്തുന്ന ആളുകൾക്കെതിരെ അടിയന്തര നടപടിയുണ്ടാകണം”. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കോൺ​ഗ്രസ് വ്യക്തമാക്കി.