ആര്‍ സുഗതന് ആറ് മാസം അവധി, അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; സ്വതന്ത്രന്റെ വോട്ടും നേടി ബിജെപി

ആര്‍ സുഗതന് ആറ് മാസം അവധി, അംഗീകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; സ്വതന്ത്രന്റെ വോട്ടും നേടി ബിജെപി

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വി വി രാജേഷ് അറിയിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. 51 പേര്‍ അവധി അംഗീകരിച്ചെന്ന് വി വി രാജേഷ് വ്യക്തമാക്കി. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ആറുമാസം അവധി നല്‍കാമെന്ന് മേയര്‍ അറിയിച്ചു.

കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു. സുഗതന് എതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്നും സുഗതന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും വ്യക്തിപരമായ ബന്ധമുണ്ടെന്നും സുധീഷ് പ്രതികരിച്ചു. നല്ലത് ചെയ്താല്‍ അതിനൊപ്പം നില്‍ക്കുമെന്നും കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതി മാറ്റി നിര്‍ത്തരുതെന്നും സുധീഷ് പറഞ്ഞു. കൗണ്‍സില്‍ നല്ല രീതിയില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സുഗതന് അവധി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സുഗതന് അവധി നല്‍കിയത് ഏത് നിയമപ്രകാരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍ ചോദിച്ചു. അവധിയെ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് യുഡിഎഫ് പരാതി നല്‍കി. സുഗതന് അവധി നല്‍കിയത് ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.