ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ന്യൂഡല്‍ഹി: ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക.

ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍ ഒക്ടോബറില്‍ വിധി ഉണ്ടാവുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നല്‍കിയത്. ശബരിമല റഫറന്‍സില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയാന്‍ പോകുന്നത്.

മെയ് 14നാണ് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. നീണ്ട 16 ദിവസമാണ് കേസില്‍ വാദം കേള്‍ക്കല്‍ നടന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ അല്ലെങ്കില്‍ മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടലിന് എന്തുമാത്രം സാധ്യത ഉണ്ട് എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുപ്രീംകോടതി. കൂടാതെ ഏത് പരിധി വരെ കോടതിക്ക് ഇടപെടാം, മതപരമായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ അതോ വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ പ്രാധാന്യം നല്‍കേണ്ടത് തുടങ്ങിയ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കൂടിയാണ് കേസ് പരിഗണിച്ചത്.