ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: എഐവൈഎഫ്

ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം:   എഐവൈഎഫ്

തിരുവനന്തപുരം: ടി ജി മോഹന്‍ദാസിനെതിരായ കേസില്‍ പൊലീസ് വീഴ്ച പരിശോധിക്കണമന്ന ആവശ്യവുമായി എഐവൈഎഫ് . സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി. കേസിൻ്റെ തുടക്കം മുതല്‍ പൊലീസ് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം എന്നാണ് പാരാതിയിലെ ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നും എഐവൈഎഫ് ആവശ്യപ്പെടുന്നു.

ഇന്നലെയാണ് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ചത്. പൊലീസിൻ്റെ ഗുരുതര വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നതായിരുന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ ജാമ്യ ഉത്തരവ്. പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിൻ്റെ പരാജയമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. പ്രതിക്ക് നോട്ടീസ് നല്‍കാത്തത് പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ല എന്നാണ് കോടതി നിരീക്ഷണം. അറസ്റ്റ് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. സുപ്രിംകോടതിയുടെ ഭരണഘടനാപരമായ നിര്‍ദ്ദേശത്തെ പൊലീസ് അവഗണിച്ചു. അറസ്റ്റ് നിയമ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമാണ്. നോട്ടീസ് നല്‍കുക എന്നത് പൊതുനിയമം. അറസ്റ്റ് അപൂര്‍വ്വമായ സാഹചര്യങ്ങളില്‍ മാത്രമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. നോട്ടീസ് നല്‍കാത്തതിന് മതിയായ കാരണം പൊലീസിന് ബോധ്യപ്പെടുത്താനായില്ല എന്ന കണ്ടത്തെലുമുണ്ട്.

നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യേണ്ട അസാധാരണ സാഹചര്യമില്ലെന്ന് പറഞ്ഞ കോടതി നോട്ടിസ് നല്‍കിയാല്‍ പ്രതി ഒളിവില്‍ പോകുമെന്ന പ്രോസിക്യൂഷന്‍ വാദം തള്ളുകയാണുണ്ടായത്. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയെങ്കില്‍ നോട്ടീസ് നല്‍കാതിരിക്കാനാവില്ലെന്നും, ഇക്കാര്യത്തില്‍ പൊലീസിന് തടസവാദം പറയാനായില്ലെന്നും കോടതി പറയുന്നു. നോട്ടീസ് നല്‍കാതെയുള്ള അറസ്റ്റിന്റെ കാരണം റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇല്ല. പൊലീസിന്റേത് അനുമാനങ്ങള്‍ മാത്രമെന്നാണ് എസിജെഎം കോടതിയുടെ ഗുരുതര നിരീക്ഷണം.

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതിയുടെ വിധിക്ക് നേരെ കണ്ണടയ്ക്കാനാവില്ലെന്നും നിയമത്തില്‍ നിന്ന് വ്യതിചലിച്ച് പ്രതിയെ പൊലീസിന് കസ്റ്റഡില്‍ വെക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചു. പ്രതിയുടെ വീട്ടില്‍ സെര്‍ച്ച് നടത്തി തെളിവുകള്‍ ശേഖരിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് പൊലീസിന് ബോധ്യപ്പെടുത്താനായില്ലെന്നതാണ് പൊലീസിന്റെ മറ്റൊരു വീഴ്ചയായി കോടതി വ്യക്തമാക്കുന്നത്. പ്രതി ഒളിവില്‍ പോകുമെന്ന സാഹചര്യവും പൊലീസിന് ബോധ്യപ്പെടുത്താനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ വീട്ടില്‍ നിന്നെന്നും കോടതി ചൂണ്ടിക്കാട്ടി.