എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം: 37 ദിവസത്തിന് ശേഷം ഒത്തുതീർപ്പ്, സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ചയിലാണ് സമവായമായത്. വിദ്യാർത്ഥി അധ്യാപക അനുപാതം അടക്കം പരിശോധിക്കാൻ 45 ദിവസത്തെ സാവകാശമാണ് സർക്കാർ തേടിയത്.
പ്രതിപക്ഷപാർട്ടികൾ സമരം ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുമ്പോഴാണ് സർക്കാർ കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായത്. വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചക്കൊടുവിൽ സമരസമിതി സെക്രട്ടറി വളർമതി നിരാഹാരം അവസാനിപ്പിച്ചു. വിദ്യാർത്ഥി അധ്യാപക അനുപാതം 1: 30 ൽ നിന്ന് 1: 25 ആക്കണമെന്ന പ്രധാന ആവശ്യം പരിശോധിക്കാൻ സമയം വേണമെന്നാണ് സർക്കാർ നിലപാട്. പ്രധാന അധ്യാപക നിയമനം നേരിട്ട് നടത്തുമ്പോൾ തസ്തിക നിർണ്ണയം അടക്കമുള്ള കാര്യങ്ങളും പരിഗണിക്കും.
ഒന്നര വർഷ കാലാവധിയുള്ള പട്ടികയാണ്. കാലാവധി നീട്ടുന്ന കാര്യം അടക്കം അനുഭാവ പൂർവ്വം പരിദഗണിക്കും. സർക്കാർ നിലപാട് വിശ്വസിച്ച് കടുത്ത സമരങ്ങളിൽ നിന്ന് പിൻമാറുമെങ്കിലും സമരപ്പന്തൽ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ പല സമരപരിപാടികളാണ് ഉദ്യോഗാർത്ഥികൾ നടത്തിയത്.


