മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം
ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വനം വകുപ്പിന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി. കഴിഞ്ഞ ദിവസം കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ആകാശദൃശ്യങ്ങൾ അനധികൃതമായി ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്.
തുടർന്ന് ഈ ദൃശ്യങ്ങൾ തമിഴ്‌നാട് പെരിയകുളം എംഎൽഎയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംരക്ഷിത വനമേഖലയായ പെരിയാർ കടുവാ സങ്കേതത്തിൽ ഡ്രോണുകൾ പറത്തുന്നതിനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും കർശന നിരോധനമുണ്ട്. യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് അതീവ സുരക്ഷാ മേഖലയിൽ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.


