പ്രതിഷേധങ്ങള്‍ക്കൊടുവില്‍; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും
തിരുവനന്തപുരത്ത്: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി പതിനൊന്നാം നാൾ മന്ത്രിയെത്തി. കാണാതായ ജോണിൻ്റെ വീട്ടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.
ഇതാദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് എന്നതുള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിന്റെ കുടുംബം. അത്തരം പരാമര്‍ശങ്ങള്‍ ആ കസേരയില്‍ ഇരുന്നു പറയരുത്. ഇനിയെങ്കിലും പരാമര്‍ശം നടത്തുമ്പോള്‍ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കരുതെന്നും ജോണിൻ്റെ മകള്‍ ജിജി പറഞ്ഞു.
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജോണിന്റെ മകള്‍ ജിജി പറഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ ഒരു ചെയറില്‍ ഇരുന്നുകൊണ്ട് പറയേണ്ടതല്ല. കമ്യൂണിറ്റിയേ തന്നെ അവഹേളിക്കുന്ന തരത്തിലായി മാറി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് ഞാന്‍ മന്ത്രിമാരോട് സൂചിപ്പിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്ക് അതില്‍ വിഷമമുണ്ട്. പറയേണ്ടവര്‍ അത് പറയുന്നില്ല. ഇനി പരാമര്‍ശങ്ങള്‍ നടത്തുമ്പോഴെങ്കിലും ഒരു വിഭാഗം ജനതയെ അടിച്ചമര്‍ത്തുന്ന രീതിയിലാകരുത്. അവരുടെ കൂടി വോട്ടാണ് നിങ്ങളുടെ കസേരകള്‍ എന്ന് മറക്കാതിരിക്കുക. മുഖ്യമന്ത്രി ഇവിടേക്ക് വരണമെന്നും കുടുംബക്കാരെ ആശ്വസിപ്പിക്കണമെന്നും പറയുന്നില്ല. അതിനേക്കാളുപരി രക്ഷാപ്രവര്‍ത്തനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് – ജിജി പറഞ്ഞു.
വേദനാജനകമായ അന്തരീക്ഷമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അവര്‍ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണ്. വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു. പ്രതീക്ഷയോടെ തിരച്ചില്‍ തുടരുകയാണ്. ഗവണ്‍മെന്റിന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് – രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി തീരദേശവുമായി അടുത്ത ബന്ധമുള്ളയാളെന്നും അദ്ദേഹം ഒരിക്കലും തീരദേശത്തെയോ തീരദേശവാസികളേയോ ഒരിക്കലും അവഹേളിക്കില്ല – അദ്ദേഹം വ്യക്തമാക്കി.


