കുട എടുത്തോ മഴ വരുന്നേ!; വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വരെ ഉയർന്ന താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.


