വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ;സര്‍ക്കാര്‍ വെട്ടില്‍

വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ;സര്‍ക്കാര്‍ വെട്ടില്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്.

എന്നാൽ, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.

എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്.