ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാൾ; വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി
തിരുവനനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ, ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാർ ബി.ജെ.പി ഏജൻ്റായി പ്രവർത്തിച്ചു എന്നതിന് ഇനിയും തെളിവുകൾ വേണ്ടെന്നും ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജൻ്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
"തിരഞ്ഞെടുപ്പ് പ്രകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിൻ്റെ തൊഴുത്തിൽ കെട്ടിയ ക്രിമിനൽ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും," മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയർന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ് കുമാർ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോൾ സത്യമായയെന്നും ബി.ജെ.പിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ച ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.