ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ; തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാർ ഒപ്പുവെക്കുന്നതിലേക്ക് ഇരുരാജ്യങ്ങളും വളരെ അടുത്തെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങളുമായി അമേരിക്ക ഒപ്പുവെച്ച കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഇന്ത്യയുമായുള്ള കരാൽ എന്നും അദ്ദേഹം വ്യക്തമാക്കി.
ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. "അവർക്ക് ഒരു കരാർ വേണം, നമ്മൾ കരാർ ഉണ്ടാക്കാൻ പോകുന്നു. ഞങ്ങൾ അതിന്റെ വളരെ അടുത്തെത്തിക്കഴിഞ്ഞു. ഇതുവരെ നമ്മൾ ഉണ്ടാക്കിയ കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇത്," ട്രംപ് പറഞ്ഞു.
കരാറിന്റെ 99 ശതമാനം ജോലികളും പൂർത്തിയായെന്നും ഒപ്പുവെക്കാൻ ഇരുരാജ്യങ്ങളും 'വളരെ അടുത്തെത്തിക്കഴിഞ്ഞു' എന്നും കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെയും പ്രതികരണം. 2025 ന്റെ തുടക്കത്തിൽ രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റതിനുശേഷം വിയറ്റ്നാം, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവയുമായി യു.എസ് വ്യാപാര കരാറുകളിൽ ഏർപ്പെട്ടിരുന്നു.
ചില വാക്കുകളുടെയും പ്രയോഗങ്ങളുടെയും കൃത്യമായ വ്യാഖ്യാനത്തിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് ചൊവ്വാഴ്ച റൂബിയോ സൂചിപ്പിച്ചു. "ഇരുപക്ഷവും വ്യവസ്ഥകളിൽ 100 ശതമാനം യോജിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭാവിയിൽ കരാറിൽ വിള്ളലുകൾ വീഴാം. മാസങ്ങളല്ല, ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് അന്തിമരൂപത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്ന് ആരംഭിച്ച കരാർ നടപടികൾ, മെയ് മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ ചില അതൃപ്തികളെ തുടർന്ന് വഴിമുട്ടിയിരുന്നു. തുടർന്ന് റഷ്യൻ ഊർജ്ജ ഇറക്കുമതിയുടെ പേരിലടക്കം 50 ശതമാനം അധിക തീരുവ യു.എസ് ചുമത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. എന്നാൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതോടെയാണ് ചർച്ചകൾക്ക് വീണ്ടും ജീവൻ വെച്ചത്.