ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം: സർക്കാർ കീഴടങ്ങി; ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കി

ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പരിഹരിച്ചു.ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിന് പിന്നാലെയാണ് ജാർഖണ്ഡിലും വിദ്യാർത്ഥി പ്രതിഷേധം ശക്തമായത്.

സർക്കാരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും സിജിഎൽ പരീക്ഷ റദ്ദാക്കാൻ ആദ്യം സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെയാണ് വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് രണ്ടിന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമാക്കിയ വിദ്യാർത്ഥികൾ നിയമസഭയിലേക്ക് മാർച്ച് നടത്തുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഖ്യകക്ഷികളിൽ നിന്നടക്കം സർക്കാരിനെതിരെ വിമർശനം ഉയർന്നു.

ഒടുവിൽ സമരം 24-ാം ദിവസത്തിലെത്തിയപ്പോൾ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ചു. സിജിഎൽ ഉൾപ്പെടെ ടിഡിപിഎൽ ഏജൻസി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു.