ഐഷി ഘോഷിനെതിരായ പൊലീസ് നീക്കം; പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെൻ്റ്; അമിത് ഷാ മറുപടി പറയണമെന്ന് ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ഡല്‍ഹി പൊലീസ് നടപടിയിലെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് തടസപ്പെട്ടു. രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. പൊലീസ് എന്തിനാണ് ദേശിയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറിയതെന്നും യൂണിഫോം ഇല്ലാതെ ഉദ്യോഗസ്ഥര്‍ എത്തിയത് ഗൗരവതരമാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്നലെ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കുന്നതിനായി ഡല്‍ഹി പൊലീസ് മഫ്തിയില്‍ എകെജി ഭവനില്‍ എത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ദേശിയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറിയത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു. പൊലീസ് നടപടി ജനാധിപത്യത്തിന് അപമാനമാണ്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം എന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടത് എംപിമാര്‍ രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാല്‍ സാധാരണ നടപടി മാത്രമാണ് എന്നായിരുന്നു വിഷയത്തില്‍ ജെ പി നദ്ദയുടെ ന്യായീകരണം. അടിയന്തരാവസ്ഥക്കാലത്ത് താന്‍ ക്ലാസ് മുറിയില്‍ നിന്ന് അറസ്റ്റിലായിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടിയെ ജെപി നദ്ദ ന്യായീകരിച്ചത്.


