വായുവില് മലക്കം മറിഞ്ഞ് ടെസ്ല റോഡ്സ്റ്റര്; പറക്കും കാറുകള് നിരത്തിലിറക്കാന് മസ്ക് - വിഡിയോ
സയന്സ് ഫിക്ഷന് സിനിമകളിലെ പറക്കും കാറുകള് ഇനി വെറും കല്പനയല്ലെന്ന് തെളിയിച്ച് ടെസ്ലയുടെ പുതിയ റോഡ്സ്റ്റര് (Tesla Roadster) സൂപ്പര്കാര്. ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പുത്തന് രൂപകല്പ്പനയിലുള്ള ടെസ്ല റോഡ്സ്റ്റര് തലകീഴായി ഓടുകയും കുറഞ്ഞ ദൂരം വായുവില് പറക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
ടെക് ഭീമനായ ഇലോണ് മസ്കിന്റെ തന്നെ റോക്കറ്റ് നിര്മാണ കമ്പനിയായ സ്പേസ്എക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ അദ്ഭുതം സാധ്യമാക്കിയത്. ടെക്സസിലെ മഗ്രഗോറിലുള്ള സ്പേസ്എക്സ് ഫെസിലിറ്റിയില് നടന്ന പ്രത്യേക ചടങ്ങിലാണ് വിസ്മയകരമായ പ്രദര്ശനം നടന്നത്.
'ഭാവിയില് പറക്കുന്ന കാറുകള് ഉണ്ടാകുമെന്ന് ഒടുവില് തെളിഞ്ഞിരിക്കുന്നു' എന്ന കുറിപ്പോടെ ഇലോണ് മസ്ക് ഡെമോ വിഡിയോ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില് പങ്കുവെച്ചു. പരമ്പരാഗത കാര് ലോഞ്ച് ചടങ്ങുകള്ക്കപ്പുറം സ്റ്റണ്ട് ഷോയെ ഓര്മിപ്പിക്കുന്നതായിരുന്നു ഈ പ്രദര്ശനം.
വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറിയ കാര്, അതിനുമുകളിലൂടെ തലകീഴായി സഞ്ചരിക്കുകയും, തുടര്ന്ന് കുറഞ്ഞ ദൂരം വായുവില് പറന്ന് സുരക്ഷിതമായി താഴെയിറങ്ങുകയും ചെയ്തു. ടെസ്ലയുടെ ഔദ്യോഗിക അക്കൗണ്ടും ഇതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
സ്പേസ്എക്സ് വികസിപ്പിച്ചെടുത്ത 'കോള്ഡ്-ഗ്യാസ് ത്രസ്റ്റേഴ്സ്' (Cold-gas thrusters) ആണ് ഈ പുതിയ റോഡ്സ്റ്ററിലെ പ്രധാന ആകര്ഷണം. ഉയര്ന്ന മര്ദത്തിലുള്ള ഗ്യാസ് ഉപയോഗിച്ച് ശക്തമായ തള്ളല് (thrust) സൃഷ്ടിക്കുന്ന സംവിധാനമാണിത്. പ്രത്യേക സംവിധാനങ്ങളുമായി ചേര്ന്ന് പ്രവര്ത്തിക്കുന്ന ഈ സാങ്കേതികവിദ്യ സാധാരണ റോഡ് കാറുകള്ക്ക് അസാധ്യമായ രീതിയിലുള്ള നീക്കങ്ങള് നടത്താന് വാഹനത്തെ സഹായിക്കുന്നു.
2017 നവംബറിലാണ് അടുത്ത തലമുറയിലുള്ള ടെസ്ല റോഡ്സ്റ്റര് പ്രഖ്യാപിച്ചത്. എന്നാല് വിവിധ കാരണങ്ങളാല് നിര്മാണം പലതവണ വൈകുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച്, 2028ഓടെ വാഹനം നിര്മാണ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില് നിയന്ത്രിത ചുറ്റുപാടുകളില് (controlled conditions) മാത്രമാണ് ഈ സ്റ്റണ്ട് പ്രദര്ശിപ്പിച്ചത്. പൊതുറോഡുകളില് ഇത്തരത്തിലുള്ള പറക്കലുകള്ക്കോ ഡ്രൈവിങ്ങിനോ നിയമപരമായ അനുമതി ലഭിച്ചിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളും പ്രായോഗികതയും സംബന്ധിച്ച ചോദ്യങ്ങള് ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും, ഭാവിയിലെ യാത്രാസൗകര്യങ്ങളെക്കുറിച്ചുള്ള വലിയ സൂചനയാണ് ടെസ്ല ഇപ്പോള് നല്കിയിരിക്കുന്നത്.