താങ്ങാനാകാത്ത ജീവിത ചിലവ്; ഫ്രാൻസിൽ കലാപം, ലക്ഷങ്ങൾ തെരുവിൽ, കെട്ടിടങ്ങൾക്ക് തീയിട്ടു
ഫ്രാൻസിൽ ജീവിതച്ചെലവുകൾക്കെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. ശനിയാഴ്ച ഫ്രാൻസിലുടനീളം ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,200-ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 150-ലധികം പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം.
ഫ്രാൻസിൽ ഏകദേശം 5.5 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകളിലൊന്നായ സിജിടിയുടെ കണക്കനുസരിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ എണ്ണം എട്ട് ലക്ഷമാണ്. പാരീസിൽ കടകൾ കൊള്ളയടിക്കപ്പെട്ടു. ലിമോജസിലെ സിറ്റി ഹാൾ തീപിടിത്തത്തിൽ ഭൂരിഭാഗവും തകർന്നു. മാർസെയിൽ പ്രതിഷേധക്കാർ നഗരസഭാ മന്ദിരത്തിൽ അതിക്രമിച്ചു കയറി. നിരവധി നഗരങ്ങളിൽ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അക്രമങ്ങൾക്ക് പിന്നിൽ തീവ്ര ഇടതുപക്ഷക്കാരും കുറ്റവാളികളുമാണെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു ആരോപിച്ചു. പതിറ്റാണ്ടുകൾക്കിടയിലെ ഫ്രാൻസിലെ ഏറ്റവും രൂക്ഷമായ അക്രമസംഭവങ്ങളിൽ ചിലതാണ് ശനിയാഴ്ച അരങ്ങേറിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.