ഒമാൻ തീരത്ത് കപ്പലിനുനേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ഒമാൻ തീരത്ത് കപ്പലിനുനേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഹോർമുസ് കടലിടുക്കിൽ പനാമ പതാകയേന്തിയ വാണിജ്യ കപ്പലിനു നേരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്. എംടി ഓൺ പീസ് എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. കപ്പിലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ്. ഒമാൻ തീരത്തിന് സമീപത്തുവെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പരിക്കേറ്റ ജീവനക്കാരെ കപ്പലിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായും അവർക്ക് നിലവിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Image

"ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റ ജീവനക്കാരെ ഒഴിപ്പിക്കുകയും ഒമാനിലെ ഖസബിൽ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നൽകിയ വിലയേറിയ പിന്തുണയ്ക്ക് ഒമാൻ അധികൃതർക്ക് നന്ദി അറിയിക്കുന്നു," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ഇന്ത്യയെ സംബന്ധിച്ച് അതീവ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. മേഖലയിലെ സമാധാനവും സ്ഥിരതയും മുൻനിർത്തി ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.