ട്രംപ് മോദിക്ക് പഠിക്കുകയാണോ? ; ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഓരോ യുഎസ് പൗരനും 5,000 ഡോളർ വീതം നൽകുമെന്ന ട്രംപ്

യുഎസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണോയെന്ന് രാഷ്ട്രീയ നിരീക്ഷകർ പരസ്പരം ചോദിക്കുന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ യുഎസ് കോൺഗ്രസിൻ്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തിയാൽ ഓരോ യുഎസ് പൗരനും 5,000 ഡോളർ വീതം വിഹിതം നൽകുമെന്ന ട്രംപിൻ്റ പ്രഖ്യാപനമാണ് നിരീക്ഷകരെ ഈ നിലയിൽ ചിന്തിപ്പിക്കുന്നത്.. ട്രംപ് വിഹിതം എന്ന് പേരിട്ടിരിക്കുന്ന ഈ വാഗ്ദാനം ഇന്ത്യൻ തിരഞ്ഞെടുപ്പിൽനിന്ന് ട്രംപ് കടമെടുത്ത തന്ത്രമാണെന്നാണ് എല്ലാവരും പറയുന്നത്.

ഇറാനുമായുള്ള യുദ്ധത്തെത്തുടർന്നുള്ള വിലക്കയറ്റം ട്രംപിന് തിരിച്ചടി ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം. ഭരണവിരുദ്ധ വികാരം മാറ്റിയെടുക്കാൻ ഇന്ത്യയിൽ സാധാരണമായി രാഷ്ട്രീയ പാർട്ടികൾ പയറ്റുന്ന തന്ത്രമാണ് വോട്ടർമാർക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന 'സൗജന്യ' വാഗ്ദാനങ്ങൾ. ക്ഷേമ പദ്ധതികളെന്ന പേരിൽ നടത്തുന്ന ഈ തന്ത്രം പലപ്പോഴും വിജയം കാണുകയും ചെയ്തിട്ടുണ്ട്.

മുൻകാലങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് നികുതിയിളവുകളും സാമ്പത്തിക പാക്കേജുകളും യുഎസിൽ പ്രഖ്യാപിക്കാറുണ്ടെങ്കിലും, 'ഞങ്ങളുടെ പാർട്ടി ജയിച്ചാൽ എല്ലാവർക്കും പണം തരാം' എന്ന രീതിയിലുള്ള ഒരു സാമ്പത്തിക പ്രഖ്യാപനം യുഎസ് രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമാണ്.

ബുധനാഴ്ച ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ ഇടക്കാല കൺവെൻഷനിൽ 100 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലാണ് യുഎസ് പ്രസിഡന്റ് ഈ വാഗ്ദാനം നൽകിയത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നോ വിതരണം ചെയ്യുമെന്നോ ഉള്ള കാര്യങ്ങളിൽ അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. മുതിർന്നവരായ അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകുന്നതിന് 1 ട്രില്യൺ ഡോളറിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ സമീപകാല സർവേകളിൽ ട്രംപിനുള്ള ജനപ്രീതി കുറഞ്ഞിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇത്തരമൊരു വാഗ്ദാനം.