ചെന്നിത്തലയ്‌ക്കെതിരായ വ്യാജപ്രചാരണത്തിൽ കേസ്: കെ.എസ് അരുൺകുമാറും ‘പോരാളി ഷാജി’യും പ്രതികൾ

ചെന്നിത്തലയ്‌ക്കെതിരായ വ്യാജപ്രചാരണത്തിൽ കേസ്: കെ.എസ് അരുൺകുമാറും ‘പോരാളി ഷാജി’യും പ്രതികൾ

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് സിപിഎം നേതാവ് കെഎസ് അരുണ്‍കുമാര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്.സുബിജ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന്റെ നടപടി.

അരുണ്‍ കുമാര്‍, സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലന്‍കുട്ടി, ഷാജി ചാള്‍സ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി.

ആഭ്യന്തരമന്ത്രി യുഎസ് സന്ദര്‍ശനത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കന്റോണ്‍മെന്റ് എസിപിക്കും സുബിജ പരാതി നല്‍കിയത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണു മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചെലവിട്ടു തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും സമൂഹമാധ്യമ പോസ്റ്റിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ല തന്റെ തന്റെ വിദേശയാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.