ഒടുവിൽ ഉമ്മയുടെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങി റഹീം, വൈകാരിക നിമിഷങ്ങൾ
കോഴിക്കോട്: 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എല്ലാവരോടും ഒരുപാട് നന്ദിയെന്നും വളരെ സന്തോഷമെന്നും അബ്ദുല്‍ റഹീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലായിരുന്നു.
ഇന്നലെ മകന്റെ മടങ്ങിവരവ് അറിയിക്കാനെത്തിയ എല്ലാവരോടും, 'മകൻ ഈ വീട്ടിലെത്തി, ഉമ്മാ എന്ന് വിളിച്ചാൽ മാത്രമേ ഇനി നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കൂ, എന്നായിരുന്നു ആ ഉമ്മ പറഞ്ഞത്. നിയമക്കുരുക്കുകളെല്ലാം അഴിഞ്ഞെന്നും, സൗദി അധികൃതർ ഉത്തരവിൽ ഒപ്പുവെച്ചുവെന്നും എത്രയൊക്കെ പറഞ്ഞിട്ടും അവർക്കത് വിശ്വസിക്കുവാൻ കഴിയുമായിരുന്നില്ല.
ഒടുവിൽ, മകന്റെ നെഞ്ചിൽ ചേർന്നുനിന്ന് ഈ ഉമ്മ എല്ലാവരോടും നന്ദി പറഞ്ഞു. വീടിനുമുന്നിൽ ഒരുക്കിയ ചെറിയ പന്തലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അബ്ദുൽ റഹീം പറഞ്ഞു, 'പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്.. അതുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല. റിയാദ് എംബസിയിലെ മലയാളികൾ, നാട്ടുകാർ, സുഹൃത്തുക്കൾ, എല്ലാ ലോക മലയാളികൾക്കും വളരെ വളരെ നന്ദി.'