കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി; ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ വീണ്ടും മാറ്റി കേന്ദ്രസര്‍ക്കാര്‍. കമ്പനികാര്യ മന്ത്രാലയ സെക്രട്ടറിയായിരുന്ന ദീപ്തി ഗൗര്‍ മുഖര്‍ജിയെ ആണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ മാസം 23 ന് നിയമിച്ച നരേഷ് പാല്‍ ഗാംഗ് വാറിനെയാണ് മാറ്റിയത്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപകപ്രക്ഷോഭം ശക്തമായതോടെയാണ്, ജൂലൈ 23 ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ വിനീത് ജോഷിയെ മാറ്റി, നരേഷ് പാല്‍ ഗാംഗ് വാറിനെ നിയമിച്ചത്. നരേഷിനെ നിയമിച്ച് 17 ദിവസത്തിനുശേഷമാണ് വീണ്ടും മാറ്റം വരുത്താന്‍ കാബിനറ്റ് നിയമന സമിതി തീരുമാനിച്ചത്. 1993 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ ദീപ്തി ഗൗര്‍ മുഖര്‍ജി.
യുവജനകാര്യ വകുപ്പ് സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍ ആണ് പുതിയ കമ്പനികാര്യ സെക്രട്ടറി. 1994 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഓഫീസറായ നരേഷ് പാല്‍ ഗാംഗ് വാറിന് പകരം നിയമനം നല്‍കിയിട്ടില്ല. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും മാറ്റിയ വിനീത് ജോഷിയെ പഞ്ചായത്തീരാജ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചിരുന്നു.


