മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീര്യം കുറഞ്ഞ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും ഇതിനായി ഒരു പ്രത്യേക മുന്നണി സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യവിൽപ്പന നടത്തണോ വേണ്ടയോ എന്ന് യുഡിഎഫ് സമിതി തീരുമാനിക്കും. മുന്നണി അനുമതി നൽകിയാൽ മാത്രം വിൽപ്പനയുമായി മുന്നോട്ടുപോകും, ഇല്ലെങ്കിൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇത്തരം ഒരു തീരുമാനം എടുക്കുകയും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അത് നടപ്പിലാക്കുകയുമായിരുന്നു. വീര്യംകുറഞ്ഞ മദ്യം വിപണിയിൽ ഇറക്കാനുള്ള ചർച്ചകൾ ആരംഭിച്ചത് എം.വി. ഗോവിന്ദൻ എക്സൈസ് വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ്. അദ്ദേഹമാണ് ബക്കാർഡിയുമായുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആദ്യം ചെയ്തത്, മുൻ സർക്കാർ ചെയ്തതിന്റെ ഭാഗമായുള്ള തുടർനടപടികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബക്കാർഡി കമ്പനിയുമായുള്ള ഇടപാടിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ടാക്സ് ഏർപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാൽ, എത്ര കിട്ടി എന്ന് ഞാൻ പറഞ്ഞു തരാം. വീര്യംകുറഞ്ഞ മദ്യം ഇറക്കാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണ്. ഞങ്ങളുടെ മുമ്പിൽ വീര്യം കുറഞ്ഞ മദ്യം ഉണ്ട്. ഞങ്ങൾ അതിന് 120, 175 എന്നിങ്ങനെ ടാക്സ് നിശ്ചയിച്ചു. മദ്യ നയം രാഷ്ട്രീയ തീരുമാനമാണ്. യുഡിഎഫിൽ എല്ലാവരുമായി ഞങ്ങൾ സംസാരിക്കും. ഞങ്ങൾ ഒരു ഡ്രാഫ്റ്റ് രൂപപ്പെടുത്തും. അത് എല്ലാ കക്ഷികളുമായി ചർച്ച നടത്തി തീരുമാനമെടുക്കും. വീര്യംകുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കണമെന്ന് യുഡിഎഫ് പോളിസി വന്നാൽ ഇതായിരിക്കും ടാക്സ്. ഇനി അങ്ങനെ വേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണ്’, മുഖ്യമന്ത്രി പറഞ്ഞു.