പൈലറ്റിനെ സഹപൈലറ്റ് കുത്തി, ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്
ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയിൽ സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്ത ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ തർക്കവും കൈയാങ്കളിയും നടന്നതായി റിപ്പോർട്ടുകൾ. ഇതിനിടെ പൈലറ്റിന് കുത്തേറ്റതായും റിപ്പോർട്ടുകളുണ്ട്.കോക്പിറ്റിൽനിന്ന് അലർച്ചയും ബഹളവും കേട്ടതായും അകത്ത് രക്തം കണ്ടതായും ഒരു യാത്രക്കാരി വെളിപ്പെടുത്തി.
വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യമുണ്ടായപ്പോൾ യാത്രക്കാർ നിലവിളിച്ച് പരിഭ്രാന്തരായി. ഒമാൻ വംശജനായ പൈലറ്റാണ് കുത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട്. യാത്രക്കാരുടെ സഹായത്തോടെയാണ് കുത്തിയ പൈലറ്റിനെ കീഴ്പ്പെടുത്തിയെന്നും യാത്രക്കാർ പറയുന്നു. 27 കുട്ടികളടക്കം 174 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതോടെ നിയന്ത്രണം നഷ്ടമായി 14125 അടിയിലേക്ക് വിമാനം കൂപ്പുകുത്തി. യാത്രക്കാരിലധികവും ഇസ്രായേല്‍ പൗരന്മാരായിരുന്നു.
യു.എ.ഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇസ്രയേലിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്സ്-8 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏകദേശം 180 ഇസ്രയേലി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള സിവിലിയൻ-സൈനിക താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത് .
കോക്പിറ്റിനുള്ളിൽവെച്ച് പൈലറ്റുമാർ തമ്മിൽ പെട്ടെന്ന് കടുത്ത തർക്കവും വഴക്കും ആരംഭിക്കുകയായിരുന്നു. ഇതിനിടെ പൈലറ്റുമാരിൽ ഒരാൾ മടക്കുകത്തി ഉപയോഗിച്ച് സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തിന് കാരണം വിമാനത്തിലെ പൈലറ്റുമാർ തമ്മിലുള്ള വഴക്കാണെന്ന് പിന്നീട് വ്യക്തമായി. പൈലറ്റുമാരിൽ ഒരാൾ യുഎഇ സ്വദേശിയാണെന്നും സഹപൈലറ്റ് ഒമാനിയാണെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ ഇപ്പോൾ എൻഡിടിവിയോട് പറഞ്ഞു. ഒമാനി സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.