ഗോൾഫിലും അമ്പെയ്ത്തിലും സ്വർണം കൊയ്ത് പ്രണവിയും കുങ്കും മോഹോദും

നഗോയ: അമ്പെയ്ത്തില്‍ കുംകും ചരിത്ര സ്വര്‍ണം സ്വന്തമാക്കിയതിനു പിന്നാലെ വനിതാ ഗോള്‍ഫിലും ചരിത്രമെഴുതി ഇന്ത്യയുടെ സുവര്‍ണ മുന്നേറ്റം. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം. പ്രണവി ഊര്‍സാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. ഏഷ്യൻ ​ഗെയിംസ് ​ഗോൾഫിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന അനുപമ നേട്ടവും പ്രണവിയ്ക്ക് സ്വന്തം.

ചൈനയുടെ യിന്‍ റോനിങ്, സിംഗപ്പുരിന്റെ ഷാനോന്‍ ടാന്‍ എന്നിവരെ മറികടന്നാണ് താരത്തിന്റെ ചരിത്ര നേട്ടം. ലീഡര്‍ ബോര്‍ഡില്‍ 15 പോയിന്റുകളാണ് പ്രണവി കുറിച്ചത്. യിന്‍, ടാന്‍ എന്നിവര്‍ക്ക് 14 പോയിന്റുകള്‍. വെള്ളി ഇരുവരും പങ്കിടും.

ഗെയിംസില്‍ പ്രണവിയുടെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഗോള്‍ഫ് ടീം ഇനത്തില്‍ പ്രണവിയുടെ കരുത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. അതിദി അശോക്, ദിക്ഷ ദാഗര്‍ എന്നിവരാണ് ടീമില്‍ പ്രണവിക്കൊപ്പം കളിച്ചത്.

അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍. അതും സുവര്‍ണ നേട്ടം! 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു.

ഗെയിംസില്‍ ഇന്ത്യയുടെ 18ാം സ്വര്‍ണമാണിത്. 18 സ്വര്‍ണം, 26 വെള്ളി, 35 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ മൊത്തം നേട്ടം 79ല്‍ എത്തി. ഇന്ത്യ അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു