വിഡി സതീശൻ്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഹൈക്കമാന്‍ഡ് ഇടപെടും

പുതിയ സര്‍ക്കാരിൻ്റെ തുടക്കകാലത്ത് പിന്തുടര്‍ന്നിരുന്ന ഇടപെടലില്ലാത്ത നയം അവസാനിപ്പിച്ചാണ് കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്.

വിഡി സതീശൻ്റെ പ്രവര്‍ത്തനശൈലിയില്‍ വിമര്‍ശനം; ഹൈക്കമാന്‍ഡ് ഇടപെടും

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ്റെ പ്രവര്‍ത്തനശൈലിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടാനൊരുങ്ങുന്നു. പുതിയ സര്‍ക്കാരിൻ്റെ തുടക്കകാലത്ത് പിന്തുടര്‍ന്നിരുന്ന ഇടപെടലില്ലാത്ത നയം അവസാനിപ്പിച്ചാണ് കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്.

മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ, പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. 'പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കൃത്യമായ സംവിധാനമുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. ഇതിനായി പാര്‍ട്ടി നേതൃത്വം തന്നെ മുന്‍കൈയെടുക്കും' -കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടൂര്‍ പ്രകാശ് രംഗത്തുവന്നത് തന്റെ പ്രേരണയാലാണെന്ന മാധ്യമവാര്‍ത്തകളില്‍ കെസി വേണുഗോപാല്‍ അസംതൃപ്തി പ്രകടിപ്പിച്ചു. വിഷയം പരസ്യമാക്കിയ യുഡിഎഫ് കണ്‍വീനറുടെ നടപടിയെ തള്ളിക്കളഞ്ഞ അദ്ദേഹം, വിവാദങ്ങളില്‍ നിന്ന് അകലം പാലിക്കാനും ശ്രമിച്ചു.  സര്‍ക്കാരിനെതിരെ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. മറ്റൊരാളുടെ വ്യക്തിപരമായ അഭിപ്രായങ്ങളിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.