ഫ്ലൈദുബായ് കോക്ക്പിറ്റ് ആക്രമണം: ഒമാനി പൈലറ്റിനെ തിരിച്ചറിഞ്ഞു
ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചതായി സംശയിക്കപ്പെടുന്ന പൈലറ്റ് ഒമാൻ പൌരനായ ഹമാം അൽ-ഹമ്മാമിയാണെന്ന് തിരിച്ചറിഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തിൻ്റെ ഒമാൻ പൗരത്വം നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ പേര് ഇപ്പോൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഇസ്രായേലി ഉദ്യോഗസ്ഥനും സൗദി മാധ്യമങ്ങളും ഈ വ്യക്തിവിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമാൻ എയറിൽ മുൻപ് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയിരുന്നിട്ടും, അൽ-ഹമ്മാമിക്ക് ഫ്ലൈദുബായ് എയർലൈൻസിൽ കൊമേഴ്സ്യൽ പൈലറ്റായി ജോലി ലഭിച്ചു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. തീവ്രവാദ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് കഴിഞ്ഞ വർഷം ഒമാൻ്റെ ദേശീയ എയർലൈനിൻ്റെ ഫ്ലൈറ്റ് പരിശീലനത്തിൽ നിന്ന് ഈ പൈലറ്റിനെ ഒഴിവാക്കിയിരുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒമാനി പിതാവിൻ്റെയും സിറിയൻ മാതാവിൻ്റെയും മകനായാണ് അൽ-ഹമ്മാമി ജനിച്ചത്. അൽ-ഹമ്മാമിയുടെ പേരിലുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം ഏഴ് വർഷം ഒമാൻ എയറിൽ ജോലി ചെയ്തു. 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേർന്ന അൽ-ഹമ്മാമി 2026 ജനുവരിയിൽ അവിടെനിന്നും മാറി. എന്നാൽ ഈ പേജിൽ ഫ്ലൈദുബായിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. നിലവിൽ ഈ പ്രൊഫൈൽ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് അൽ-ഹമ്മാമി പ്രൊഫൈൽ തന്നെയാണെന്ന് സ്ഥിരീകരിച്ചതായി സിഎൻഎൻ വ്യക്തമാക്കുന്നു.ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിലാണ് ഇയാൾ പഠിച്ചതെന്നും പ്രൊഫൈലിൽ പറയുന്നുണ്ട്. 2023-ൽ ഏവിയേഷൻ മാനേജ്‌മെന്റിൽ ബിരുദം നേടിയതായി സർവ്വകലാശാല സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവം നടന്ന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം അൽ-ഹമ്മാമിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ബോയിങ് 737 മാക്സ് കോക്ക്പിറ്റിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യത്തേത്.ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധമായ മൂന്ന് സ്ഥലങ്ങളുടെ എഐ നിർമ്മിത ചിത്രവും, അപമാനത്തെ ചെറുക്കുന്നതിനെയും മരണത്തെ ഭയപ്പെടാതിരിക്കുന്നതിനെയും കുറിച്ചുള്ള ഒരു കവിതയുമായിരുന്നു രണ്ടാമത്തെ പോസ്റ്റ്. ഈ വീഡിയോകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു, ഈ അക്കൗണ്ടും ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഇസ്രായേലുമായി നയബന്ധമില്ലാത്ത ഒമാനിൽ നിന്നുള്ള ഒരു പൗരൻ എങ്ങനെ ജീവനക്കാരുടെ ഭാഗമായി മാറിയെന്ന് ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി ഏജൻസികൾ അന്വേഷിച്ചുവരികയാണ്. ഈ ആക്രമണം ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് യുഎഇ അറ്റോർണി ജനറൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഡബ്ല്യുഎഎം റിപ്പോർട്ട് ചെയ്തു.